murder

കോലഞ്ചേരി: പട്ടിമറ്റത്ത് പി.പി റോഡിലെ ജെ.ജെ പ്ലെവുഡ് കമ്പനിയുടെ ഡ്രയറിന്റെ പുക കുഴലിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.

ലോക്ക് ഡൗണിനു ശേഷം തുറന്ന കമ്പനിയിൽ ഇന്നലെ രാവിലെ പുകക്കുഴലിന്റെ താഴ് ഭാഗത്ത് പുക വമിക്കുന്നത് കണ്ടാണ് ചാരം അടിയുന്ന ചിമ്മിനിയുടെ ഭാഗം തുറന്നത്. ഇവിടെയായിരുന്നു ജഡാവശിഷ്ടങ്ങൾ.

രണ്ടു മാസത്തോളം കമ്പനി ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിരുന്നു. ഇടയ്ക്ക് രണ്ടു ദിവസം മാത്രമാണ് തുറന്നത്.

20നും 50നും മദ്ധ്യേ പ്രായമുള്ള പുരുഷന്റേതാണ് ജഡം. രണ്ട് മാസത്തോളം പഴക്കം കണക്കാക്കുന്നു.

ചുരുണ്ട് കിടക്കുന്ന നിലയിലായി​രുന്നു മൃതദേഹം . പുറം ഭാഗം കത്തി കരിഞ്ഞ നിലയിലും, ഉൾഭാഗം അഴുകിയ നിലയിലുമാണ്. ലോക്ക് ഡൗൺ കാലയളവിലാണ് മൃതദേഹം ഇവിടെ എത്തിച്ചതെന്നാണ് അനുമാനം.

ചിമ്മിനിയുടെ അടപ്പ് തുറന്ന് തള്ളിക്കയറ്റിയ നിലയിലാണ് ജഡം. പ്രധാന ഷെഡിൽ നിന്നും അല്പം മാറിയാണ് ചിമ്മിനിയും, പുകക്കുഴലും. കമ്പനിയുടെ ഉള്ളിൽ കയറാതെ ഇവിടേയ്ക്ക് പ്രവേശിക്കാനുമാകും. കമ്പനിയെ കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് കൊലപാതകത്തിനു പിന്നിലെന്നും കരുതുന്നു . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.

റൂറൽ എസ്.പി കെ കാർത്തിക് സ്ഥലത്തെത്തിയിരുന്നു. പെരുമ്പാവൂർ ഡിവൈ.എസ്.പി കെ.ബിജുമോന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് അന്വേഷണ ചുമതല നല്കിയതായി എസ്.പി അറിയിച്ചു. നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തു.

ഇവരിൽ നിന്നും ഒരാളെ പോലും കാണാതായിട്ടില്ലെന്നാണ് മൊഴി. 85 അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും ഒരാൾ പോലും അനുമതിയില്ലാതെ പുറത്തു പോകരുതെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. വിരലടയാള, ഫോറൻസിക് വിദഗ്ദ്ധരും കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി.