anuroop
അനുരൂപ് ആശുപത്രിയില്‍

പെരുമ്പാവൂർ: കൊവിഡ് കാലത്തെ അനുരൂപിന്റെ കരുതൽ വെറുതെയായില്ല. സംസ്ഥാനത്തെ അഞ്ചാമത്തെ മൂലകോശം മാറ്റിവയ്ക്കലും വിജയമായി. ബംഗളൂരുവിലെ മെക്കാനിക്കൽ എൻജിനിയറായ സ്വരൂപിന്റെയും ഭാവനയുടെയും നാല് വയസുള്ള ഏക മകൻ വിഹാൻ സ്വരൂപായിരുന്ന സ്വീകർത്താവ്. കുട്ടി പൂർണ ആരോഗ്യവാനാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു വർഷം മുമ്പാണ് സർക്കാരിന്റെ സന്നദ്ധ സംഘടനയായ ധാത്രിയുടെ ഫോൺകാൾ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ അശമന്നൂർ പഞ്ചായത്തിലെ പാണശേരിൽ വീട്ടിൽ അശോകന്റെയും യമുനയുടെയും മകനായ അനുരൂപിനെ തേടി എത്തിയത്.

തലസേമിയ രോഗം ബാധിച്ച വിഹാന് മൂലകോശം മാറ്റി വയ്‌ക്കേണ്ടതുണ്ടെന്നും അനുരൂപിന്റെ സാമ്പിളുമായി ഒത്തു വന്നിട്ടുണ്ടെന്നും അറിയിച്ചായിരുന്നു വിളി. വാഴക്കുളം വിശ്വജ്യോതി കോളേജിൽ വച്ച് ധാത്രി സംഘടിപ്പിച്ച സാമ്പിൾ ശേഖരണ പരിപാടിയിൽ അനുരൂപും രക്തം നൽകിയിരുന്നു. ഇതാണ് വഴിത്തിരിവായത്.

മൂലകോശം നൽകാൻ അനുരൂപ് സമ്മതം മൂളി. പിന്നീട് വൈദ്യപരിശോധനയും ഭംഗിയായി പൂർത്തിയായി. 2019 ഏപ്രിൽ 8ന് അനുരൂപിന്റെ നട്ടെല്ലിൽ നിന്നും വിജയകരമായി മൂലകോശം എടുത്തു. വൈകാതെ കുട്ടിയിൽ വച്ച് പിടിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അസുഖത്തിന്റെ പ്രത്യേകതയും തീവ്രതയും കൊണ്ടാണ് നട്ടെല്ലിൽ നിന്നും തന്നെ നിന്നു മൂലകോശം ശേഖരിക്കേണ്ടിവന്നത്. ഇത്തരം രീതി അപൂർവമാണ്. ഇങ്ങനെ മൂലകോശം നൽകിയ ഇന്ത്യയിലെ 15ാമത്തെയും കേരളത്തിലെ അഞ്ചാമത്തേയും ദാതാവാണ് അനുരൂപ്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രേവതി രാജിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.