പെരുമ്പാവൂർ: 'ഏടാകൂടത്തിലൊന്നും പോയി ചാടരുത്'.ഒരു പക്ഷേ നിത്യജീവിതത്തിൽ നമ്മൾ പലരും ഉപയോഗിക്കുന്ന ഒരു വാചകമാണിത്. എന്നാൽ ഏടാകൂടമെന്നത് അത്ര എളുപ്പം തള്ളിക്കളയേണ്ട ഒരു വാക്കല്ല. സംഗതി വേറെ ലെവലാണ്. ഇന്ന് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന റൂബിക്ക്യൂബിന്റെ പുരാതന പതിപ്പാണ് ഏടാകൂടം. കൃത്യമായി ഇത് ഘടിപ്പിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നത് ബുദ്ധിവികാസത്തിനും മാനസിക ഉല്ലാസത്തിനും ഉപകരിക്കും. വളരെ സങ്കീർണ്ണതകൾ നിറഞ്ഞ അപ്രാപ്യമായ രീതിയിൽ പരിഹരിക്കേണ്ട ഉപകരണമായതിനാലാണ് ഏടാകൂടം എന്ന് പേര് വിളിക്കുന്നത്. ഇത്തരത്തിലുളള ഏടാകൂടങ്ങൾ ഉണ്ടാക്കി ശ്രദ്ധേയനാകുകയാണ് പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്ത് എളമ്പകപ്പിളളി സ്വദേശി പെണയ്ക്കാപ്പടി വീട്ടിൽ വേണു.
പണ്ട് രാജഭരണകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് നൽകുന്ന ഏടാകൂടം കൃത്യമായി ഘടിപ്പിക്കുകയാണെങ്കിൽ ശിക്ഷയിൽ ഇളവ് നൽകിയിരുന്നെന്ന് ചരിത്രങ്ങൾ പറയുന്നു. തേക്ക് മരത്തിൽ സമചതുരത്തിന്റെയും ദീർഘചതുരത്തിന്റെയും ആകൃതിയിലുളള കട്ടകൾ ഉപയോഗിച്ചാണ് ഏടാകൂടങ്ങൾ ഉണ്ടാക്കുന്നത്. കൃത്യതയോടെയും സൂക്ഷ്മതയോടെയും അടർച്ചയില്ലാത്ത രീതിയിലാണ് ഇത് നിർമ്മിക്കുന്നത്. മൂന്ന് കട്ടകൾ മുതൽ 65 കട്ടകൾ വരെ ഉപയോഗിച്ച് വിവിധ രീതിയിലുള്ള ഏടാകൂടങ്ങൾ ഉണ്ടാക്കാൻ കഴിയും. മരപ്പണിക്കാരനായ വേണു തന്റെ പിതാവിന്റെ പക്കൽ നിന്നും നാളുകളെടുത്താണ് ഇത് സ്വായത്തമാക്കിയത്. പല രീതിയിലുളള ഏടാകൂടങ്ങൾ ഉണ്ടാക്കിയെങ്കിലും വീട്ടിൽ തന്നെ വച്ചിരിക്കുകയായിരുന്നു. തുടർന്ന് വേണുവിന്റെ സുഹൃത്ത് പ്രസാദാണ് ഇതിനെ ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത്. ലോക്ഡൗൺ കാലമായതിനാൽ വേണു നിർമ്മിച്ച ഏടാകൂടങ്ങൾ കാണാനും ഇത് ഉപയോഗിച്ച് വിനോദങ്ങൾ ഏർപ്പെടാനും നിരവധി പേരാണ് എത്തുന്നു. അന്യം നിന്ന് പോകുന്ന ഒരു വിനോദ ഉപാധി കൂടിയാണ് ഏടാകൂടം. അതുകൊണ്ട് ഇനി ധൈര്യമായി ഏടാകൂടത്തിൽ ചെന്ന് ചാടാമെന്ന് സാരം !