മൂവാറ്റുപുഴ: കാത്തിരിപ്പിന് വിരാമം. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയുടെ രണ്ടാം ഘട്ട നിർമ്മാണം തുടങ്ങുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് നിർമ്മിക്കുന്നത്. നാളെ മൂന്ന് മണിയോടെ പ്രദേശത്തെ മണ്ണ് പരിശോധന നടത്തും. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.52 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. 2014 നവംബറിലായിരുന്നു ഡിപ്പോയുടെ നിർമ്മാണോദ്ഘാടനം. ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കി 2019 മാർച്ചിലാണ് ഡിപ്പോ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.
കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പരാധീനതയിലും സാങ്കേതിക തടസങ്ങളിലും തട്ടിയാണ് ഡിപ്പോ നിർമ്മാണം വൈകിയത്. ഇലക്ട്രിക്, ഫയർ, പ്ലംമ്പിംഗ് വർക്കുകളും പൂർത്തിയായാലെ ഡിപ്പോയിൽ ലേലം ചെയ്ത 16 മുറികളും ഉടമസ്ഥർക്ക് കൈമാറാൻ കഴിയുകയുള്ളൂ. നിലവിൽ ഡിപ്പോയിലെ 11 മുറികൾ ലേലം ചെയ്ത് നൽകുന്നതോടൊപ്പം മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.കെ.എസ്.ആർ.ടി.സിയുടെ സ്ഥലവും വർക്ഷോപ്പ് കെട്ടിടവും ഏറ്റെടുക്കുന്നതിനായി കെ.എസ്.ടി.പി.യിൽ നിന്നും 1.80ലക്ഷം രൂപ കോർപ്പറേഷന് കൈമാറിയിട്ടുണ്ട്..
കെ.എസ്.ആർ.ടി.യുടെ വർക്ക്‌ഷോപ്പ് കെട്ടിടം പൊളിച്ച് മാറ്റും. ഈ സ്ഥലം ഏറ്റെടുത്ത് ഓടയടക്കം റോഡ് നിർമ്മാണം പൂർത്തിയാക്കും. നിർമ്മാണ പ്രവർവർത്തികളുടെ ടെൻഡർ നടപടികൾ കെ.എസ്.ടി..പി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത മാസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
എൽദോ എബ്രഹാം
മൂവാറ്റുപുഴ എം.എൽ.എ