kunnappilly
അജിമോന് നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പാവൂർ: മരത്തിൽനിന്ന് വീണ് അരക്ക് കീഴിലേക്ക് തളർന്ന യുവാവിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിൽ വീടൊരുങ്ങുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായ വെങ്ങോല മേപ്രത്ത്പടിയിൽ മാവോലിൽവീട്ടിൽ അജിമോനാണ് എം.ബി.എം ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫിസറായ മുടിക്കൽ സ്വദേശി സെയ്തുമുഹമ്മദ് നസീറിന്റെ സഹായത്തോടെ വീട് നിർമ്മിച്ചുനൽകുന്നത്.

കുറച്ചു നാളുകൾക്ക് മുമ്പ് മാവിൽനിന്ന് വീണ് അരക്ക് കീഴ്‌പ്പോട്ട് തളർന്ന് അജിമോൻ കിടപ്പിലായത്. എങ്കിലും ജീവിക്കാൻവേണ്ടി ഇപ്പോഴും ഓട്ടോറിക്ഷ ഓടിക്കുകയാണ്. വികലാംഗ കോർപ്പറേഷൻ വഴി വായ്‌പയെടുത്തു വാങ്ങിയ ഓട്ടോറിക്ഷ പ്രത്യേകം സജ്ജീകരിച്ചാണ് ഓടിക്കുന്നത്. വാടകയ്ക്കാണ് അജിമോനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.

വെങ്ങോല ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ സംഗമത്തിലാണ് അജിമോൻ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയോട് തന്റെ അവസ്ഥയെക്കുറിച്ചു സംസാരിക്കുന്നത്. എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ' എന്റെ വീട് പെരുമ്പാവൂർ ' പദ്ധതിയിൽ ഉൾപ്പെടുത്തി അജിമോന് വീട് നിർമ്മിക്കാൻ തയ്യാറായി. വെങ്ങോല ഗ്രാമപഞ്ചായത്തിന് എതിർവശത്തുള്ള 3.5 സെന്റ് സ്ഥലത്ത് നിമ്മിക്കുന്ന വീടിന് എം.എൽ.എ തറക്കല്ലിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, പി.എ. മുക്താർ, വി.എം ഹംസ, രാജു മാത്താറ, വി.എച്ച്. മുഹമ്മദ്, റെനീഷ അജാസ്, എം.ബി ജോയി എന്നിവർ സംബന്ധിച്ചു.