പറവൂർ : പറവൂർ നഗരസഭ ചെയർമാൻ സ്ഥാനമാറ്റം ചർച്ച ചെയ്യാൻ 26ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. യോഗത്തിനുശേഷം ചെയർമാൻ ഡി. രാജ്കുമാർ സ്ഥാനം ഒഴിഞ്ഞേക്കും. മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് രാജിവച്ചപ്പോൾ നവംബർ പകുതിയോടെയാണ് ഡി. രാജ്കുമാർ നഗരസഭ ചെയർമാനായത്. ആറുമാസം രാജ്കുമാറിനും തുടർന്ന് നിലവിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലിനും ചെയർമാൻ സ്ഥാനം നൽകാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ചു രാജ്കുമാറിന്റെ കാലാവധി ഈ മാസം തീരും.

കൊവിഡിന്റെ സാഹചര്യത്തിലും ഉടൻ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നതിനാലും നേതൃമാറ്റം വേണ്ടെന്ന നിലപാടുള്ളവർ കൗൺസിലിലും പാർട്ടിയിലുമുണ്ട്. തിരഞ്ഞെടുപ്പിന് ചുരുങ്ങിയ നാളുകൾ മാത്രമുള്ളപ്പോൾ നടത്തുന്ന സ്ഥാനമാറ്റം പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ഇവരുടെ വാദം. പ്രദീപ് തോപ്പിലിന് നഗരസഭ ചെയർമാൻ സ്ഥാനം നൽകണമെന്ന ആവശ്യം മറുവിഭാഗവും ശക്തമായി ഉന്നയിക്കുന്നുണ്ട്.