sprinklr-
SPRINKLR

കൊച്ചി : സംസ്ഥാന സർക്കാർ ഡേറ്റ വിശകലനത്തിനായി കൈമാറിയ കൊവിഡ് രോഗികളുടെ വിവരങ്ങൾ തിരിച്ചു ലഭിക്കാത്തവിധം നശിപ്പിച്ചെന്ന് യു.എസ് കമ്പനിയായ സ്‌പ്രിൻക്ളർ ഹൈക്കോടതിയിൽ അറിയിച്ചു. സ്‌പ്രിൻക്ളറുമായുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ബാലു ഗോപാലകൃഷ്‌ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് സ്‌പ്രിൻക്ളർ കമ്പനിയുടെ പ്രതിനിധിയായ ഡാൻഹേലി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. ഡേറ്റ അനാലിസിസിനായി സർക്കാർ നൽകിയ കൊവിഡ് രോഗികളുടെ വിവരങ്ങൾ മൂന്നാമതൊരു കക്ഷിക്ക് കൈമാറരുതെന്നും ഡേറ്റകൾ ദുരുപയോഗം ചെയ്യരുതെന്നും ഏപ്രിൽ 24ലെ ഉത്തരവിൽ ഹൈക്കോടതി കമ്പനിയോടു നിർദേശിച്ചിരുന്നു. സ്പ്രിൻക്ളർ കമ്പനിയുടെ പക്കൽ കൊവിഡ് രോഗികളുടെ ഡേറ്റയില്ലെന്ന് സർക്കാർ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും തരത്തിൽ വിവരങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവ തിരിച്ചുനൽകണമെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ കമ്പനിയുടെ സെർവറിൽ അവശേഷിക്കുന്ന ബാക്ക് അപ്പ് ഡേറ്റ തിരിച്ചുനൽകണമെന്നല്ലാതെ നശിപ്പിക്കണമെന്ന് ഇടക്കാല ഉത്തരവിലില്ല. സർക്കാരിന്റെ അനുമതിയില്ലാതെ ഇൗ ഡേറ്റ തിരിച്ചുലഭിക്കാനാവാത്ത വിധം നശിപ്പിക്കുന്നത് കരാർ ലംഘനമാകുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടി കമ്പനി മേയ് 14ന് കത്തുനൽകി. ഹൈക്കോടതി ഉത്തരവ് അനുസരിക്കുമെന്ന് വ്യക്തമാക്കി സത്യവാങ്മൂലവും ബാക്ക്അപ്പ് ഡേറ്റ തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കുന്ന കാര്യത്തിൽ വ്യക്തതതേടി മറ്റൊരു ഹർജിയും മേയ് 16ന് ഹൈക്കോടതിയിൽ നൽകി. അന്നുതന്നെ ബാക്ക് അപ്പ് ഡേറ്റ നശിപ്പിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചെന്നും തുടർന്ന് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഡേറ്റകൾ നശിപ്പിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.