police
ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ബാലന്റെ സാന്നിദ്ധ്യത്തിൽ പണമടങ്ങിയ പഴ്സ് സിവിൽ പൊലീസ്ഓഫീസർ ജിജുവിൽ നിന്ന് പ്രജിത്ത്ഏറ്റുവാങ്ങുന്നു

തൃപ്പൂണിത്തുറ: കൊവിഡ് പ്രതി​രോധവുമായി​ ബന്ധപ്പെട്ട തിരക്കുപിടിച്ച ഡ്യൂട്ടിക്കി​ടെ വഴിയിൽനിന്നുകിട്ടിയ പണമടങ്ങിയ പഴ്‌സ് സിവിൽ പൊലീസ് ഓഫീസർ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി​. ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ കെ. ജിജുവാണ് പഴ്‌സിന്റെ ഉടമയെ കണ്ടെത്തി തിരിച്ചുനൽകിയത്. കഴിഞ്ഞദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് സൗത്ത് പറവൂർ ഭാഗത്തുവച്ച് വഴിയിൽക്കി​ടന്ന് പഴ്‌സ് കിട്ടിയത്. പരിശോധിച്ചപ്പോൾ അതിൽ 13000 രൂപയും ഡ്രൈവിംഗ് ലൈസെൻസും കണ്ടെത്തി. ഇതിൽ നിന്ന് പഴ്‌സ് കൊടുങ്ങല്ലൂർ ആനാപ്പുഴ പടനാട്ടുമേൽ പി.പി. പ്രജിത്തിന്റേതാണന്നു മനസിലായി. പഴ്‌സ് കളഞ്ഞുകിട്ടിയ വിവരം ഫേസ്ബുക്കിൽ പോസ്റ്റുചെയ്തുവെങ്കിലും ആരും എത്തിയില്ല. തുടർന്ന് പെരുമ്പളം വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന ഭാര്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആനാപ്പുഴയിലെ പഞ്ചായത്ത് മെമ്പറുടെ നമ്പർ കണ്ടെത്തുകയും ഇദ്ദേഹം വഴി പഴ്‌സിന്റെ ഉടമയെ കണ്ടെത്തുകയുമായി​രുന്നു. കഴിഞ്ഞ ദിവസം ഉദയംപേരൂർ സ്റ്റേഷനിൽ എത്തിയ പ്രജിത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ബാലന്റെ സാന്നിദ്ധ്യത്തിൽ പണമടങ്ങിയ പേഴ്‌സ് ജിജുവിൽ നിന്ന് ഏറ്റുവാങ്ങി.