കോതമംഗലം: കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വനമേഖലയിലെ ഈറ്റവെട്ട്, നെയ്ത്ത് തൊഴിലാളികളോടുള്ള ബാംബൂ കോർപ്പറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും അവഗണന അവസനിപ്പിക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം സമിതി ആവശ്യപ്പെട്ടു. ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ഉപദ്രവമുള്ള വനത്തിൽ ആഴ്ചകളോളം തമ്പടിച്ച് ഈറ്റവെട്ടി നാട്ടിൽ പനമ്പ് നെയ്ത് കോർപ്പറേഷന് നൽകി ഉപജീവനം നടത്തുന്ന തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾ പോലും നൽകാതെ കോർപ്പറേഷൻ തൊഴിലാളികളെ വഞ്ചിക്കുകയാണ്. ബാംബു കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഫാക്ടറികളിൽ കോഴിക്കോട് നല്ലളത്തുള്ളള ഫാക്ടറിയുടെ പ്രവർത്തനം രണ്ട് വർഷമായി നിലച്ചിരിക്കുന്നതും അങ്കമാലിയിലുള്ള ഫാക്ടറിയുടെ പ്രവർത്തനം ഭാഗികമായി നിലച്ചു കൊണ്ടിരിക്കുന്നതും ഈറ്റവെട്ട്, നെയ്ത്ത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ് . കോർപ്പറേഷന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥതയാണ് ഇതിന് കാരണം.

ലോക്ക്ഡൗണിന് മുൻപ് വെട്ടി ശേഖരിച്ച ഈറ്റകൾ വനത്തിൽ കിടന്ന് നശിക്കുകയാണ്. വെട്ടി ശേഖരിച്ച ഈറ്റകൾ കയറ്റി വിട്ടാൽ മാത്രമേ തൊഴിലാളികൾക്ക് അവരുടെ കൂലിയായി പരിഗണിക്കുകയുള്ള. മഴക്കാലമായാൽ വാഹനങ്ങൾക്ക് വനത്തിനുള്ളിലേക്ക് ചെന്നെത്താൻ പറ്റാതാകും. അടിയന്തിരമായി കോർപ്പറേഷൻ ഈറ്റകൾ ശേവരിക്കുകയും തൊഴിലാളികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനും ബി.ജെ.പി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു. പി.പി. സജീവ്, ഇ.ടി .നടരാജൻ, ജയകുമാർ വെട്ടിക്കാടൻ, ജയൻ.കെ.നാരായണൻ, വിനോദ് നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.