തോപ്പുംപടി: പെരുന്നാൾ തലേന്നായ ഇന്നലെ ബീഫിന് വില കുതിച്ചുയർന്നു. കിലോക്ക് 300 എന്നത് 350 ആയി. പല ഇറച്ചിക്കടകളിലും ഇന്നലെ പുലർച്ചെ മുതൽ നീണ്ട ക്യൂ. പോളക്കണ്ടം, തോപ്പുംപടി, പള്ളുരുത്തി, കൊവേന്ത, കച്ചേരിപ്പടി, കുമ്പളങ്ങി, മട്ടാഞ്ചേരി, തങ്ങൾ നഗർ തുടങ്ങിയ മാർക്കറ്റ് സ്ഥലങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. ലോക്ക് ഡൗൺ ആയതിനെ തുടർന്ന് അന്യ സംസ്ഥാനത്തു നിന്നും കാലികൾ വരാത്തതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും ഇറച്ചിക്കടകളിൽ പരിശോധന നടത്തി. കിലോക്ക് 300 രൂപയിൽ കുടുതൽ വിൽക്കരുതെന്ന് ഇറച്ചിക്കച്ചവടക്കാർക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കോഴി കിലോക്ക് 170, മട്ടൻ - 700, താറാവ് ഒരെണ്ണത്തിന് 400 രൂപ വരെ ഉയർന്നു. കരിമീൻ 700 രൂപയായി. ഇറച്ചിക്കടകൾക്ക് നാല് വശവും മറവ് വേണമെന്നും ഇറച്ചി കൊച്ചിൻ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി സീൽ വെക്കണമെന്നുമാണ് ചട്ടം. എന്നാൽ ഒരുവിധ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. അറവ് ശാല ഇല്ലാത്ത കൊച്ചിയിലും പരിസരത്തും കച്ചവടക്കാർ വൃത്തിഹീനമായ സ്ഥലങ്ങളിലാണ് മാടുകളെ അറക്കുന്നത്.