ആലുവ: ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ ക്ഷേമാന്വേഷണത്തിനും പരിശോധനയ്ക്കും റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നേരിട്ടിറങ്ങി. അന്യസംസ്ഥാനത്തുനിന്നു വന്നിട്ടുള്ളവരും പ്രവാസികളിൽ പ്രത്യേക പരിഗണനയുള്ളവരും വീടുകളിലാണ് ക്വാറന്റെെനിൽ കഴിയുന്നത്. വീടുകളിൽ നേരിട്ടെത്തിയായിരുന്നു പരിശോധന.
ആലുവ, എടത്തല, കുന്നത്തുനാട്, തടിയിട്ടപറമ്പ് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനഞ്ചോളം വീടുകൾ സന്ദർശിച്ചു. സാമൂഹ്യഅകലം പാലിച്ച് വിവരങ്ങൾ തിരക്കി. ക്വാറന്റെെനിൽ കഴിയേണ്ടതിന്റെ ആവശ്യകതയും പാലിക്കേണ്ട കാര്യങ്ങളും ഓർമ്മിപ്പിച്ചു. പൊലീസിൽ നിന്നുള്ള സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അറുപതോളം ബൈക്ക് പട്രോൾ യൂണിറ്റുകൾ എല്ലാ വീടുകളിലും ദിനംപ്രതി എത്തുകയും വിശേഷങ്ങൾ തിരക്കുകയും ക്വാറന്റൈൻ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
ഇതുവരെ ലംഘനവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ റൂറൽ ജില്ലയിൽ കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും സന്ദർശനം തുടരുമെന്ന് എസ്.പി അറിയിച്ചു.