പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഗൃഹനിരീക്ഷണം ലംഘിക്കുന്നവരെ പൊക്കാൻ പൊലീസ് രംഗത്ത്.ഇതിനായി പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ആകാശ കാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. പള്ളുരുത്തിയിൽ നിരീക്ഷണത്തിൽ 130 പേരും മട്ടാഞ്ചേരിയിൽ 40 പേരുമാണുള്ളത്. പള്ളുരുത്തിയിൽ 9 പേർ നിരീക്ഷണം ലംഘിച്ചു.ഇവർക്കെതിരെ കേസെടുത്ത് ഇവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും രണ്ട് പേരുടെ പേരിൽ കേസെടുത്ത് പള്ളുരുത്തിയിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കണക്കുകൾ അറിയുന്നതിനായി പൊലീസ് കാമറ പരിശോധിച്ചു വരികയാണ്. മട്ടാഞ്ചേരി അസി.കമ്മീഷ്ണർ പി.എസ്.സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. വിവിധ സ്റ്റേഷനുകളിലെ സി.ഐ, എസ്.ഐ.മാരും സംഘത്തിലുണ്ട്.പെരുന്നാളിനോടനുബന്ധിച്ച് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതോടെയാണ് നിരീക്ഷണത്തിലായവർ ഉൾപ്പടെ ജനങ്ങൾ പുറത്തിറങ്ങുന്നത്.പല സ്ഥലങ്ങളിലും ഇവർ സാമൂഹ്യ അകലം പോലും പാലിക്കുന്നില്ലന്നാണ് പൊലീസ് അധികാരികൾ പറയുന്നത്. വരും ദിവസങ്ങളിൽ കർശനമായ പരിശോധന നടക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.