fayas
ഫയാസും കുടുംബവും ഡോ. അഭിഷേക് യാദവിനും ടീമിനുമൊപ്പം കൊച്ചിയിലെ വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിൽ

കൊച്ചി: ലോക്ക്ഡൗൺ കഴിഞ്ഞ് വിമാനം പറക്കാൻ കാത്തിരിക്കുകയാണ് ശ്രീലങ്കൻ സ്വദേശി മുഹമ്മദ് ഫയാസ് മൊഹിദീൻ, മകൾ പകുത്ത് നൽകിയ കരളിൽ ഇനി ജീവിതം തുടരാൻ! എറണാകുളം വി.പി.എസ് ലേക്ക്ഷോർ ആശുപത്രിയിൽ മേയ് 4നായിരുന്നു ഫയാസിന്റെ കരൾ മാറ്റ ശസ്ത്രക്രിയ.

കൊളംബോയിലെ ടൂർ കമ്പനിയിൽ ജോലിക്കാരനായ ഈ 46കാരന് ഒരു വർഷം മുമ്പാണ് ഗുരുതരമായ കരൾരോഗം പിടിപെട്ടത്. നാട്ടിൽ ചികിത്സയില്ല. മാസങ്ങൾക്കുള്ളിൽ കരൾ മാറ്റിവെച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്ന് അവിടുത്തെ ഡോക്ടർമാർ പറഞ്ഞതനുസരിച്ച് 2019 നവംബറിലാണ് ഫയാസ് ആദ്യമായി കൊച്ചിയിലെ ലേക്ക്‌ഷോർ ഹോസ്‌പിറ്റലിലെത്തി ഡോ. അഭിഷേക് യാദവിനെ കണ്ടു ചികിത്സ തുടങ്ങുന്നത്. ദാതാവിനെ കണ്ടെത്താൻ ഫയാസ് ശ്രീലങ്കയിലേയ്ക്കു തിരിച്ചു പോയി. പരിശോധനകൾക്കു ശേഷം ഏറ്റവും ചേർച്ചയുള്ള ദാതാവ് മകളും ബിരുദവിദ്യാർത്ഥിനിയുമായ ഫാത്തിമ ഹസ്ബത് മൊഹിദ്ദീൻ ആണെന്ന് കണ്ടെത്തി.

ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്ക് പറക്കാൻ ഒരുങ്ങുമ്പോഴാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. വിസയ്ക്കും ടിക്കറ്റിനുമായുള്ള നെട്ടോട്ടത്തിനൊടുവിൽ ലോക്ക്ഡൗണിനു മുമ്പ് മാർച്ച് 19ന് കൊച്ചിയിൽ അവസാനമെത്തിയ ഫ്ലൈറ്റിൽ ഫയാസും കുടുംബവുമെത്തി. ക്വാറന്റൈനിലും കഴിയേണ്ടിവന്നു.തിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച ആളുടെ ശരീരത്തിൽ നിന്നെടുത്ത രക്തധമനിയും മുഹമ്മദ് ഫയാസിന്റെ ശരീരത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. അഭിഷേക് യാദവ് പറഞ്ഞു. ലോക്ക് ഡൗണിൽ വി.പി.എസ് ലേക്ക്‌ഷോറിൽ നടന്ന ആറ് കരൾമാറ്റ ശസ്ത്രക്രിയകളിൽ ഒന്നായിരുന്നു ഫയാസിന്റേതെന്ന് ആശുപത്രി സി.ഇ.ഒ എസ്.കെ അബ്ദുള്ള പറഞ്ഞു.

മേയ് 18ന് ഡിസ്ചാർജ്ജ് ചെയ്തെങ്കിലും കൊളംബോയ്ക്ക് തിരിച്ചു പോകാനായി വിമാനസർവീസ് വീണ്ടും ആരംഭിക്കാൻ കാത്തിരിക്കുകയാണ് ഫയാസ്. ഇതിനിടെ അദ്ദേഹത്തിന്റെ ജന്മദിനവും ആശുപത്രിയിൽ ആഘോഷിച്ചു.