കോലഞ്ചേരി: കുടിയന്മാർക്കുള്ള ആപ്പ് .. വന്നു.. വന്നില്ല.. നാളെ വരുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണൂ.. എന്ന മറുപടിയിൽ പ്രതീക്ഷയർപ്പിച്ചാണ് ഓരോ ദിനവും തള്ളി നീക്കുന്നത്.

ഫെയ്സ് ബുക്കിലെ ഓരോ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി കൊടുത്താണ് ഫെയർ കോഡ് ടെക്നോളജീസ് ഇന്നലെയും മുന്നോട്ടു പോകുന്നത്. വീണ്ടും വൈകുന്നത് എന്ത് എന്നതിന് ആപ്പ് സൈഡ് സേഫ് ആണെങ്കിലും ഇൻഫ്രാ പവർ ഫുൾ ആക്കാനാണ് സമയമെടുത്തതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഫ്രീ സർവ്വീസായി സേവനം നല്കാൻ തയ്യാറുള്ള ടെക്കികൾ അപ്ഡേറ്റുകളും, കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോകേണ്ട വിശദീകരണങ്ങളും കമ്പനിയ്ക്ക് ഉപദേശമായി നല്കുന്നുമുണ്ട്.
ഇവർക്ക് ഒറ്റ ആവശ്യമേയുള്ളൂ ബെവ്കോ ഒന്നു തുറന്നു കാണണം. ഗൂഗിളെ കൈ തൊഴാം കേൾക്കുമാറകണം.. മദ്യപർ ഞങ്ങളെ കാക്കുമാറകണം.. പ്ലെ സ്റ്റോറിൻ ഹാങ്ങാകൾ നീക്കുമാറാകണം .. എന്നു മാത്രമാണ് ഇവർക്ക് പറയാനുള്ളതെന്നാണ് ഒരു ടെക്കിയുടെ മറുപടി. അതിനിടെ ബാറുകൾക്ക് മദ്യം വില്ക്കുന്നത് സംബന്ധിച്ച മാർഗരേഖ ഇന്നലെയിറങ്ങി. ഒരു തവണ മദ്യം വാങ്ങിയാൽ പിന്നെ നാല് ദിവസം കഴിഞ്ഞാൽ മാത്രമേ മദ്യം വാങ്ങാൻ അനുമതി ലഭിക്കൂ, മൂന്ന് ലിറ്ററാണ് വാങ്ങാവുന്നത്. കൊവിഡ് മാർഗനിർദേശം പാലിച്ച് പൂർണമായും സാമൂഹിക അകലം പാലിച്ചാവും മദ്യവിൽപന, ആയതിനാൽ ഹോട്ട് സ്‌പോട്ടിൽ മദ്യവിൽപന ഉണ്ടാകില്ല, രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാവും വിൽപന. മദ്യവിൽപന സംബന്ധിച്ച് വിശദമായ മാർഗരേഖ ബിവറേജസ് കോർപ്പറേഷൻ ഇന്നലെ പുറത്തിറക്കി.