anil-kumar

കുറുപ്പംപടി : കുറുപ്പംപടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമയെ സ്ഥാപനത്തിന് സമീപം ദുരൂഹസാഹചര്യത്തിൽ കോണിപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വായിക്കര ചാലക്കരവീട്ടിൽ ആർ. അനിൽകുമാറിന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.

രാവിലെ പത്തോടെ വായിക്കരയുള്ള വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. മൂന്നുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മുറി തുറന്നുകിടക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഫോറൻസിക് വിദഗ്ദ്ധർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.

പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: സിംല. മക്കൾ: അനുഗ്രഹ, ആദർശ്. നാല്പതുവർഷത്തോളമായി അനിൽകുമാർ ഇവിടെ സ്വകാര്യപണമിടപാട് സ്ഥാപനം നടത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സമീപത്തെ കട ഉടമകളും നാട്ടുകാരും പറയുന്നു. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിന്റെ ലക്ഷണങ്ങളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല.