കൊച്ചി: സ്മാർട്ട് ക്ലാസ് റൂമുകൾ, മികച്ച വിദ്യാഭ്യാസം, ദേശീയനിലവാരം തുടങ്ങി ഹൈടെക്കായി മാറിയ സർക്കാർ സ്കൂളുകളിലേക്ക് ഇക്കുറി വിദ്യാർത്ഥികളുടെ ഒഴുക്കാണ്. പ്രവേശന നടപടികൾ ഒരാഴ്ച പിന്നിടുമ്പോൾ പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ വിദ്യാർത്ഥികൾ എത്തിതുടങ്ങി. ഹൈസ്കൂൾ ക്ലാസുകളിലേക്കും പ്രവേശനം നേടിയവരുണ്ട്. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പതിവിന് വിപരീതമായി ഒന്നു മുതൽ ആറു വരെയുള്ള ക്ലാസുകളിൽ ഇക്കുറി വിദ്യാർത്ഥികൾ പ്രവേശനം നേടുന്നു. സാധാരണ പ്രീപ്രൈമറി സ്കൂളുകളിലും ഒന്നാം ക്ലാസിലുമായി മാത്രം ഒതുങ്ങുന്നതാണ് സർക്കാർ സ്കൂളുകളിലെ പ്രവേശന നടപടികൾ. ഇക്കുറി എല്ലാ ക്ലാസുകളിലേക്കും എയ്ഡഡ്, എൺഎയ്ഡഡ് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ എത്തുന്നു.
ഈ മാസം18 നാണ് സ്‌കൂളുകളിൽ പ്രവേശന നടപടികൾ ആരംഭിച്ചത്.വിജയിച്ച കുട്ടികളുടെ പട്ടിക സ്‌കൂളുകളിൽ നിന്ന് വിദ്യാഭ്യാസ ഓഫീസുകളിൽ നൽകിയിട്ടുണ്ട്. കൊവിഡ് പശ്ചാലത്തിൽ പരീക്ഷ ഉപേക്ഷിച്ചതിനാൽ എല്ലാ കുട്ടികളെയും പ്രത്യേക മാനദണ്ഡങ്ങളിൽ വിജയിപ്പിക്കുകയായിരുന്നു. വിജയിച്ച കുട്ടികൾക്ക് സ്‌കൂളുകളിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകാനും നടപടികളും ആരംഭിച്ചു. വിടുതൽ സർട്ടിഫീക്കറ്റ് ലഭിച്ച ശേഷം കൂടുതൽ പേർ എത്തിത്തുടങ്ങും. പശ്ചിമകൊച്ചിയിലെ സ്കൂളുകളിൽ ആദ്യ ദിനം മിക്ക സർക്കാർ സ്കൂളുകളിൽ എത്തിയത് 20 ഓളം വിദ്യാർത്ഥികളാണ്. ഇതിൽ ആറാം ക്ലാസു വരെ വിദ്യാർത്ഥികളുണ്ട്. നിലവിൽ അമ്പതിനടുത്ത് വിദ്യാർത്ഥികൾ ഓരോ സ്കൂളിലും ആയിട്ടുണ്ട്.
വിദ്യാഭ്യാസ ചെലവും ഫീസ് വർദ്ധനവും
കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ ചെലവു ചുരുക്കലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വർദ്ധിക്കുന്ന ഫീസ് നിരക്കും സർക്കാർ സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കാൻ ഒരു കാരണമായി. എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ അർദ്ധ വാർഷിക ഫീസ് ഇനത്തിൽ നാല്പത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത്. കൂടാതെ സ്കൂൾ തുടങ്ങുമ്പോഴുണ്ടാകുന്ന ചെലവും ഇരട്ടിയാണ്.
പ്രവേശന നടപടികൾ വേഗത്തിൽ
അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. നിരവധി രക്ഷകർത്താക്കൾ അന്വേഷണവമായി എത്തുന്നുണ്ട്. കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഗവൺമെന്റ് പ്രവേശന ഫോമുകൾ അയക്കുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷകൾ കഴിഞ്ഞാൽ കൂടുതൽ പേർ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. നിലവിൽ അഞ്ചു വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയിട്ടുണ്ട്.
റാണി രജി
ഹെഡ് മിസ്ട്രസ്
എസ്.ആർ.വി. സ്കൂൾ എറണാകുളം