കൊച്ചി: ലോക്ക് ഡൗൺ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയ സാഹചര്യത്തിൽ പ്രത്യേക കാർഷികപാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ. ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭരിച്ച നെല്ലിന്റെയും റബറിന്റെയും വില പോലും ഇതുവരെ നൽകാൻ കഴിയാത്ത സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും ഉയർന്ന വൈദ്യുതി ബില്ല് ജനങ്ങളെ വട്ടം കറക്കുകയാണെന്നും അനൂപ് ജേക്കബ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇൻചാർജ് രാജു പാണാലിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ജി. പുരുഷോത്തമൻ, ജില്ലാ ജനറൽ സെക്രട്ടറി എം.എ. ഷാജി, ഹൈപവർ കമ്മിറ്റിഅംഗങ്ങളായ സുനിൽ ഇടപ്പലക്കാട്ട്, റെജി ജോർജ് എന്നിവർ സംസാരിച്ചു.