police
അജി അരവിന്ദ് തന്റെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ച ചിത്രം.

കോതമംഗലം: ഡ്യൂട്ടികഴിഞ്ഞ് നേര്യമംഗലം അതിർത്തിയിൽ നിന്നും മടങ്ങിയ അടിമാലി ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകൾ ഇന്നലെ നിറഞ്ഞൊഴുകി. കാരണം ഒരു മുത്തശ്ശനും മുത്തശ്ളിയും ഒരു കൂട്ടം നാട്ടുകാരുമായിരുന്നു. രണ്ട് മാസം അവർ നൽകിയ സ്നേഹവും പിന്തുണയുമാണ് എസ്.ഐമാരെയടക്കം കരയിച്ചത്. ഡ്യൂട്ടികഴിഞ്ഞ മടങ്ങിയ അടിമാലി ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ഇക്കാര്യം വിവരിച്ച് ഫേസ്ബുക്കിൽ കുറിച്ചു. ഇത് പിന്നീട് വൈറലായി.

സ്നേഹം വിളമ്പി

നേര്യമംഗലത്തുകാർ

പുലർച്ചെ മൂന്ന് മണി. നേര്യമംഗലം അതിർത്തി കാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ചൂടു കട്ടനുമായി ജഗതമ്മ മുത്തശ്ശിയെത്തും. സ്വന്തം മക്കൾക്കെന്ന പോലെ ചായ പകർന്ന് നൽകിയും വിശേഷം പങ്കുവച്ചു മടങ്ങും. രാത്രിയോടെ ജഗതമ്മയുടെ ഭർത്താവ് ഗോപിയും ഇതുപോലെയത്തും. ഉച്ചയ്ക്ക് ഊണും വൈകിട്ടത്തെ ചായയും ഈ നിർദ്ധന കുടുംബത്തിന്റെ വകയാണ്. താളും തകരയും കപ്പയും പുഴുക്കും. അങ്ങനെ നാട്ടുവിഭവങ്ങളാണ് ഭക്ഷണം. നേരം പുലർന്നാൽ ചെക്ക് പോസ്റ്രിന് അയലത്തെ അമ്പിളി മക്കളുടെ കയ്യിൽ കാപ്പി കൊടുത്ത് വിടും. സമീപവാസിയായ ബോസും ഇടയ്ക്കിടെ ചായയും പലഹാരങ്ങളുമായി സലീമും ചെക്ക് പോസ്റ്റിലെത്തും. നട്ടുച്ച നേരത്ത് ഗ്രീൻ മൗണ്ടിലെ ജീവനക്കാർ വക നാരങ്ങാവെള്ളം. ഇങ്ങനെ രണ്ട് മാസത്തെ ഡ്യൂട്ടി പൂർത്തിയാക്കി മടങ്ങും വരെ അടിമാലി ട്രാഫിക് പൊലീസ് അറിഞ്ഞത് നേര്യമംഗലത്തുകാരുടെ സ്നേഹം.


മടങ്ങാൻ നേരം ജഗതമ്മ മുത്തശി കെട്ടിപ്പിടിച്ച് കരഞ്ഞു. അത് മനസിനെ വല്ലാതെ സ്പർശിച്ചു. കണ്ണുകൾ നിറഞ്ഞു. എന്നും പുരുഷോത്തമൻ അച്ചനും വിശഷങ്ങൾ വന്ന് തിരക്കും. പൊരി വെയിലത്ത് നാട്ടുകാർ പന്തൽകെട്ടി തന്നു. ജീപ്പ് കഴുകി. വീട്ടിൽ അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണം പോലെയായിരുന്നും ജഗതമ്മ മുത്തശ്ശി തങ്ങൾക്ക് ആഹാരം. എല്ലാവർക്കും നന്ദി.മറക്കില്ല

അജി അരവിന്ദ്

സബ് ഇൻസ്പെക്ടർ

അടിമാലി ട്രാഫിക്