കോലഞ്ചേരി: പോഞ്ഞാശ്ശേരി റോഡ് വഴി യാത്ര ചെയ്താൽ നടുവൊടിയുമെന്നുറപ്പാണ്. രണ്ട് വർഷത്തോളമായി
ഈ റോഡ് തകർന്നിട്ട്.കുഴിയല്ലാതെ വഴിയില്ലാത്ത അവസ്ഥയിലാണ് ഇവിടം. മണ്ണൂരിൽ തുടങ്ങി വെങ്ങോല വരെയുള്ള ഭാഗത്ത് വാഹന യാത്ര അത്ര കണ്ട് ദുഷ്‌ക്കരമാണ്. പൊട്ടി പൊളിയാത്ത ഒരു ഭാഗം പോലുമില്ല.ഫോർ വീലറുകളും, ടു വീലറുകളും ഈ വഴി പോകാറില്ല മണ്ണൂരിൽ നിന്നും എം.സി റോഡ് വഴി പെരുമ്പാവൂരിലെത്തിയാണ് യാത്ര. വളയൻചിറങ്ങര എച്ച്.എസ്.എസ്, ഗവ.എൽ.പി.എസ് ഐരാപുരം, ഐരാപുരം ശ്രീ ശങ്കര വിദ്യാപീഢം,തുരുത്തിപ്ലി സെന്റ് മേരീസ്, ക്രൈസ്റ്റ് നോളജ് സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള കുട്ടികളാണ് ഈ വഴിയെ പ്രധാനമായും ആശ്രയിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാലാണ് ഇപ്പോൾ പ്രശ്നങ്ങളില്ലാതെ പോകുന്നത്.
#കുഴിയടയ്ക്കൽ സ്വഹ
25 സ്വകാര്യ ബസുകളാണ് ഇതു വഴി സർവീസ് നടത്തിയിരുന്നത്. ലോക്ക് ഡൗണിനു തൊട്ടു മുമ്പ് ഈ വഴിയുള്ള സർവീസ് അവസാനിപ്പിക്കാൻ ബസ് ഉടമകൾ തീരുമാനിച്ചിരുന്നു. എന്നാൽ താത്കാലികമായി കുഴിയടയ്ക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതോടെ സർവീസ് തുടർന്നു. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ കുഴിയടയ്ക്കലും നടന്നില്ല.
#പരീക്ഷണത്തിനില്ലെന്ന് ബസുടമകൾ
മറ്റു റൂട്ടുകളിൽ അത്യാവശ്യം ബസുകൾ ഓടി തുടങ്ങിയെങ്കിലും ഈ വഴി ഓടി പരീക്ഷിക്കാൻ ബസുടമകളും ഇതു വരെ തയ്യാറായിട്ടില്ല. നാളിതു വരെ വാഹന ഉടമകൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഈ വഴി സമ്മാനിച്ചത് ഇക്കാലയളവിൽ പരീക്ഷണത്തിനില്ലെന്നാണ് ബസുടമകൾ പറയുന്നത്.
#റോഡ് നിർമ്മാണം തുടങ്ങിയത് 2018
കുന്നത്തുനാട്, പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ് നിർമ്മാണം തുടങ്ങിയത് 2018 ജനുവരിയിലാണ്.റോഡിന്റെ വെള്ളക്കെട്ടുള്ള മണ്ണൂർ ഭാഗങ്ങളിൽ പാടശേഖരങ്ങളിലേയ്ക്ക് ഇടിഞ്ഞ റോഡ് കരിങ്കല്ല് കെട്ടി ഉയർത്തി,റോഡിന് ഇരു വശങ്ങളിലും കാനകളും, കലുങ്കുകളും നിർമ്മിക്കുന്നുണ്ട്. ആധുനിക നിലവാരത്തിൽ ലൈനുകളും റിഫ്‌ളെക്ടറുകളും, ദിശാ, സ്ഥല നാമ ബോർഡുകളുമടക്കം സ്ഥാപിക്കാനും പദ്ധതിയുണ്ട്.എം.സി റോഡിൽ നിന്നും ആലുവ, തൃപ്പൂണിത്തുറ,കാക്കനാട് ഭാഗത്തേയ്ക്ക് പോകേണ്ട യാത്രക്കാർക്ക് പെരുമ്പാവൂരിലെ നഗര തിരക്കുകൾ ഒഴിവാക്കി പോഞ്ഞാശ്ശേരി വഴി എളുപ്പത്തിലെത്താവുന്ന ഏക മാർഗമാണിത്.