കൊച്ചി: ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ കൊച്ചി കോർപ്പറേഷൻ നികുതി പിരിവ് പുനരാരംഭിച്ചു. വൻ കുടിശിക വരുത്തിയവരെയാണ് തൽക്കാലം ലക്ഷ്യമിടുന്നത്. ആശുപത്രികൾ, വൻകിട ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്വകാര്യ മാനേജുമെന്റ് സ്‌ക്കൂളുകൾ തുടങ്ങി കോർപ്പറേഷൻ പരിധിയിലെ ഒട്ടനവധി സ്ഥാപനങ്ങൾ നികുതിയിനത്തിലും മറ്റും കോടികളുടെ കുടിശികയാണ് വരുത്തിയിരിക്കുന്നത്. ഒരു മാസത്തിനകം കുടിശിക അടച്ചാൽ പിഴ ഒഴിവാക്കുന്നതടക്കം ഓഫറുകളും മുന്നോട്ടുവെച്ചിട്ടുണ്ട്.
# നികുതി ലംഘനം അനുവദിക്കില്ല
വൻകിട സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ വർഷങ്ങളായി നികുതി അടയ്ക്കുന്നതിൽ വീഴ‌്ച വരുത്തിയിട്ടുണ്ട്. പലതരത്തിലുമുള്ള നോട്ടീസുകൾ അയക്കാറുണ്ടെങ്കിലും ചെറിയ തുക അടച്ച് ഇവർ നിയമനടപടികളിൽ നിന്ന് തലയൂരുകയാണ് പതിവ്. ഇനിയത് അനുവദിക്കാൻ കഴിയില്ല.
കെ.ആർ. പ്രേമകുമാർ
ഡെപ്യൂട്ടിമേയർ
# ചെലവിന് വഴിയില്ല
ജീവനക്കാരുടെ ശമ്പളം അടക്കം ദൈനംദിന കാര്യങ്ങൾക്ക് ഒരുമാസം 11കോടി രൂപ വേണം
ഒരു ദിവസം 11ലക്ഷം രൂപയുടെ ചെലവുണ്ട്
കഴിഞ്ഞ മാസങ്ങളിലെ വരുമാനം : 4.5
ഈ മാസം ഇതുവരെ ലഭിച്ചത് : 2 കോടി
# ലോക്ക് ഡൗൺ തിരിച്ചടിയായി
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മറ്റ് സ്ഥാപനങ്ങളെ പോലെ കോർപ്പറേഷന്റെയും നിലനില്പിനെ ബാധിച്ചു. നികുതി വരുമാനം ഉൾപ്പെടെ ഒരു വർഷം 35 കോടി രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് അതിന്റെ പാതി തുക പോലും പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.
# നികുതി വർദ്ധിപ്പിച്ചിട്ടും ഫലമില്ല
2000 ചതുശ്രയടിക്ക് മുകളിലുള്ള ബഹുനില കെട്ടിടങ്ങൾക്കും മറ്റ് വാണിജ്യ സമുച്ചയങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള നികുതി ഈ വർഷം വർദ്ധിപ്പിച്ചിരുന്നു .23വർഷത്തിന് ശേഷം ആദ്യമായാണ് നികുതി പരിഷ്‌കരണം നടപ്പാക്കിയത്. ഇതിലൂടെ 45 കോടി അധികവരുമാനം കണക്കുകൂട്ടിയെങ്കിലും കൊവിഡ് പ്രതീക്ഷകളെ മുഴുവൻ തകർത്തു. ഇതോടെയാണ് വൻതുക വർഷങ്ങളായി കുടിശികയിട്ടിരിക്കുന്നവരെ പിടികൂടാൻ തീരുമാനിച്ചത്. കോർപ്പറേഷൻ സൂപ്രണ്ട്, റവന്യൂ ഇൻസ്‌പെക്ടർ ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. .
ഓരോദിവസവും ഇവർ മൂന്നുപേരും മാറി മാറി നിരന്തരം കക്ഷികളെ വിളിച്ച് നികുതി അടക്കാൻ ആവശ്യപ്പെടും. പിഴയൊഴിവാക്കിയതിനാൽ പലരും തുക അടയ്ക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. വരുംദിവസങ്ങളിൽ തനത് വരുമാനത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.