കോലഞ്ചേരി: സുഭിക്ഷ കേരളം പദ്ധതിയിൽ പുതുതായി ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ക്ഷീരവികസന വകുപ്പ് അഞ്ച് പശു യൂണി​റ്റിന് അപേക്ഷ ക്ഷണിച്ചു. മികച്ച അഞ്ച് സങ്കരയിനം കറവപ്പശുക്കളെ വാങ്ങുകയും ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത്, ബയോഗ്യാസ് പ്ലാന്റ്, ചാണകശേഖരണ സംവിധാനം എന്നിവ ഏർപ്പെടുത്തണം. മൊത്തം പ്രതീക്ഷിക്കുന്ന ചെലവ് 5,60,000 രൂപയാണ്. വകുപ്പ് വക ധനസഹായം 1,84,000 ലഭിക്കും. ബാക്കി തുക ഗുണഭോക്തൃ മൂലധനമായോ ബാങ്ക് വായ്പയായോ ഗുണഭോക്താവ് കണ്ടെത്തണം. കുറഞ്ഞത് 25സെന്റിലെങ്കിലും തീ​റ്റപ്പുൽ കൃഷി ചെയ്യണം.

വകുപ്പിൽ നിന്നുള്ള അനുവാദം ലഭിച്ച്, പദ്ധതി പൂർത്തീകരിച്ചതിനു ശേഷമായിരിക്കും ധനസഹായം അനുവദിക്കുന്നത് ക്ഷീരമേഖലയിൽ അടുത്ത മൂന്നുവർഷത്തേക്ക് തുടർന്നുകൊള്ളുമെന്നുള്ള കരാരിൽ പദ്ധതി ലഭിക്കുന്ന ഗുണഭോക്താവ് വകുപ്പുമായി ഏർപ്പെടണം. 250 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, തന്നാണ്ട് കരം അടച്ച രസീത് , ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയുടെ പകർപ്പ് എന്നിവ നൽകണം.