കൊച്ചി: മതിയായ വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷക്കെത്താൻ കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ നിരത്തിലിറക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പുന:രാരംഭിക്കുന്ന ഇന്നു മുതൽ ജില്ലയിൽ 200 ബസുകൾ നിരത്തിലിറക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
വാഹന സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ദൂരം കാൽനടയായി സ്‌കൂളിലേക്ക് എത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണിതെന്ന് ഡി.ടി.ഒ വി.എം. താജുദ്ദീൻ കേരളകൗമുദിയോട് പറഞ്ഞു.
ബസ് ആവശ്യമുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ സമീപത്ത് അഞ്ചു മുതൽ ആറു വരെ കിലോമീറ്റർ ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പരീക്ഷയ്‌ക്കെത്തിക്കുകയാണ് ലക്ഷ്യം. പരീക്ഷാ സമയം അനുസരിച്ചാണ് ബസുകൾ ക്രമീകരിക്കുക. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർവീസുകൾ നടത്തും.

ഇന്നലെ വരെ 185 സർവീസ്
ജില്ലയിൽ നിന്ന് ഇന്നലെ വരെ 185 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. 85000 രൂപയുടെ അടുത്താണ് ജില്ലയിലെ പ്രതിദിന വരുമാനം. എറണാകുളം ഡിപ്പോയിൽ നിന്ന് പ്രതിദിനം 45 ബസുകൾ വരെ സർവീസ് നടത്തുണ്ട്. 800 രൂപയാണു ബസുകളിലെ ശരാശരി കലക്ഷൻ.
ആദ്യ ദിനത്തിൽ 60 ബസുകളാണ് ജില്ലയിൽ സർവീസ് നടത്തിയത്. പിന്നീട് 160 ബസുകൾ വരെ കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നു. ജില്ലാ അതിർത്തികളിലേക്കുള്ള സർവീസുകൾ ഒഴിവാക്കി. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണു കുറച്ചെങ്കിലും യാത്രക്കാരുളളത്. ഓരോ ട്രിപ്പ് കഴിയുമ്പോഴും സീറ്റുകളും കമ്പികളുൾപ്പെടെ അണുവിമുക്തമാക്കുന്നുണ്ട്. സർവീസ് അവസാനിക്കുന്ന മുറയ്ക്ക് അഗ്‌നിശമന സേനയും ബസുകൾ അണുവിമുക്തമാക്കുന്നുണ്ട്.

കൂടുതൽ സ്വകാര്യ ബസുകൾ ഇല്ല
ജില്ലയിൽ സ്വകാര്യ ബസുകളും ഇന്നു സർവീസ് നടത്തും. പരീക്ഷകൾക്കെത്താൻ കൂടുതൽ വിദ്യാർത്ഥികൾ സ്വകാര്യബസുകളെ ആശ്രയിക്കുന്നതിനാൽ എല്ലാ സുരക്ഷാ മാർഗ നിർദേശങ്ങളും പാലിച്ചാണു സർവീസ് നടത്തുന്നതെന്ന് ഉറപ്പു വരുത്തുമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു. നിലവിൽ വരുമാന നഷ്ടത്തെ തുടർന്ന് ജില്ലയിലെ 2300 ബസുകൾ ആർ.ടി.ഒയ്ക്ക് ജി ഫോം നൽകി കയറ്റിയിട്ടിരിക്കുകയാണ്. അതിനാൽ കൂടുതൽ ബസുകൾ ഇന്ന് സർവീസ് നടത്തില്ല. നിലവിൽ റോഡ് നികുതിയിൽ നിന്ന് ഒഴിവാകുന്നതിനായി ജി ഫോമുകൾ പൂരിപ്പിച്ച് നൽകാത്ത ബസുകളാണ് നിരത്തിലിറങ്ങുക.