കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിനിടയിലും മഴുവന്നൂർ എം.ആർ. എസ്.വി ഹൈസ്കൂളിലെ 97 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഒത്തുകൂടി. സ്കൂളിലല്ല ഓൺലൈനിൽ. മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ സംഗമം സ്കൂളിൽ തീരുമാനിച്ചത്. എന്നാൽ കൊവിഡിനിടയിൽ ഒത്തുകൂടാൻ കഴിയാതെ വന്നതോടെ ഓൺലൈൻവഴി പത്ത് രാജ്യങ്ങളിൽ നിന്നുൾപ്പെടെ 60 പേർ ഒത്തുകൂടി പൂർവകാല സ്മരണകൾ പുതുക്കി. ഇവരോടൊപ്പം 12 അദ്ധ്യാപകരും തത്സമയം ലൈവിൽവന്നതോടെ ചടങ്ങ് അവിസ്മരണീയ മുഹൂർത്തമായി മാറി. സ്കൂളിന്റെ തുടർ പ്രവർത്തനങ്ങൾക്കും ഇതേ ബാച്ചിലെ അവശത അനുഭവിക്കുന്നവർക്കും കൈത്താങ്ങാകാൻ തീരുമാനിച്ചാണ് പരിപാടി അവസാനിപ്പിച്ചത്.