കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പേരണ്ടൂർ കായൽമുഖത്തെ ചെളിനീക്കം ആരംഭിച്ചു. വർഷങ്ങളായി കായൽമുഖത്ത് അടിഞ്ഞുകൂടിയ എക്കൽ ചങ്ങാടംപോക്ക് തോടിലെ വെള്ളം കായലിലേക്ക് ഒഴുകുന്നതിന് തടസമാകുന്ന സാഹചര്യത്തിലാണ് കായൽമുഖം വൃത്തിയാക്കുന്നത്.ചങ്ങാടംപോക്ക് തോടിന്റെ നവീകരണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.
നഗരത്തിലെ പ്രധാനതോടുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മൂന്ന് കായൽമുഖങ്ങളിൽ ചെളിനീക്കം നടക്കുന്നുണ്ട്. ചങ്ങാടംപോക്കിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എസ്. സുഹാസ് പദ്ധതിപ്രദേശം സന്ദർശിച്ചു. നാല് കിലോമീറ്റർ നീളത്തിലാണ് ചങ്ങാടംപോക്ക് തോട്ടിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. തോട്ടിലെയും കായൽമുഖത്തെയും ചെളിയും മറ്റ് തടസങ്ങളും നീക്കി ഒഴുക്ക് സുഗമമാക്കുന്നതോടെ കലൂർ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.
കലൂർ ജവഹർലാൽ നെഹ്രു മെട്രോ സ്‌റ്റേഷന് സമീപം കാരണക്കോടം തോടിനെയും ചങ്ങാടംപോക്ക് തോടിനെയും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ കെ.എം.ആർ.എൽ ആരംഭിച്ചു. അവിടുന്നുള്ള വെള്ളവും ചങ്ങാടംപോക്കിലൂടെ കായലിലേക്ക് ഒഴുകി എത്തും. ഈ മാസത്തിനുള്ളിൽ ബ്രേക്ക് ത്രൂവിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ആർ. ബാജി ചന്ദ്രൻ, എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ. സുപ്രഭ എന്നിവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.