മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വവും സാമൂഹിക അകലവും പാലിച്ച് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് മുറികളും പരീക്ഷ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ പരീക്ഷ കേന്ദ്രങ്ങളും ഫയർഫോഴ്‌സിന്റെ സഹകരണത്തോടെയും വിവിധ വിദ്യാർത്ഥി യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ മൂവാറ്റുപുഴ മോഡൽ ഹൈസ്‌കൂളിലെത്തി അവസാന ഒരുക്കങ്ങൾ വിലയിരുത്തി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ, വാർഡ് കൗൺസിലർ ജിനു ആന്റണി, സ്‌കൂൾ ഹെഡ്മിസ്ട്രസ് വിജി.ടി.എൻ എന്നിവർ പങ്കെടുത്തു. മോഡൽ സ്‌കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സ്‌കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് സീനിയർ ഫയർ ഓഫീസർ ജാഫർഖാൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ബി.ഷാജിമോൻ, ഫയർ ഓഫീസർ പി.എസ്.പ്രണവ് എന്നിവർ നേതൃത്വം നൽകി.
#വിദ്യാർത്ഥികളുടെ വീടുകളിൽ മാസ്‌ക് എത്തിച്ചു
വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ മാസ്‌ക് ഉപയോഗിക്കേണ്ടതിനാൽ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാർ, അയൽകൂട്ട ഭാരവാഹികൾ, അങ്കണവാടി വർക്കർമാർ എന്നിവരുടെ സഹകരണത്തോടെ വിദ്യാർത്ഥികളുടെ വീടുകളിൽ മാസ്‌ക് എത്തിച്ച് നൽകി. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഹാൻഡ് വാഷും, ഹാൻഡ് സാനിറ്റൈസറും ക്രമീകരിക്കുന്നതോടൊപ്പം പരീക്ഷ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
#വാഹന സൗകര്യം
സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് എത്തിച്ചേരുന്നതിന് സ്‌കൂൾ പി.ടി.എകളുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് കെ.എസ്.ആർ.ടി.സി.യുടെ സർവീസും നടത്തും.