മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പി ജന്മനാട്ടിൽ കൂട്ടുകാരോടൊപ്പം പുഴ ശുചീകരണത്തിനു നേതൃത്വം നൽകി. കാളിയാർ പുഴയുടെ കളപ്പുറം പാലത്തിനു പടിഞ്ഞാറു ഭാഗത്തുള്ള ചെറുതുരുത്തുകളും പാഴ് വൃക്ഷങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി മാലിന്യങ്ങൾ അടിഞ്ഞുകൂടി ഈ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമോയെന്ന് ജനങ്ങൾ ഭീതിയിലാണ്ട് കഴിയുമ്പോഴാണ് എം.പി യുടെ ഇടപെടൽ. തുടർന്ന് അധികൃതരുടെ അനുമതി വാങ്ങി പുഴ ശുചീകരണം നടത്തി. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, കളപ്പുറം വാർഡ് മെമ്പർ ജോബി തെക്കേക്കര എന്നിവരും നാട്ടുകാരോടൊപ്പം പങ്കാളികളായി.