cial

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് (സിയാൽ) ഇന്ന് 21-ാം പിറന്നാൾ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളണിത്. 1999 മേയ് 21ന്, അന്ന് രാഷ്‌ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് ഉദ്ഘാടനം ചെയ്‌തത്. അദ്ദേഹം സഞ്ചരിച്ച വിമാനമാണ് അന്ന് കൊച്ചിയിൽ ആദ്യം പറന്നിറങ്ങുകയും തിരിച്ചു പറക്കുകയും ചെയ്‌തത്.

യാത്രക്കാരുമായി ആദ്യ വിമാന സർവീസ് നടന്നത് അതേവർഷം ജൂൺ പത്തിനാണ്.

ലോകത്തെ ആദ്യ സമ്പൂർണ സോളാർ വിമാനത്താവളമെന്ന പെരുമ സിയാലിന് സ്വന്തമാണ്. ഉപഭോഗത്തേക്കാളേറെ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സിയാൽ, കൂടുതലുള്ളത് കെ.എസ്.ഇ.ബിക്ക് നൽകുന്നു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് സിയാൽ.

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കൂടിയായ സിയാലാണ്, സംസ്ഥാനത്തെ വ്യോമ ഗതാഗതത്തിന്റെ 50 ശതമാനവും കൈകാര്യം ചെയ്യുന്നത്. അന്താരാഷ്‌ട്ര, രാജ്യാന്തര യാത്രകൾക്ക് പ്രത്യേകം ടെർമിനലുകൾ കൊച്ചിയിലുണ്ട്.