തൃക്കാക്കര : ജില്ലയിലെ ടാക്‌സി മേഖലയിലെ ആശങ്കൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ജില്ലയിലെ ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിൽ ഓട്ടോറിക്ഷകളിലും ടാക്‌സികളിലും പാലിക്കേണ്ട ആരോഗ്യമാനദണ്ഡങ്ങൾ വിലയിരുത്തി. ടാക്‌സി സ്റ്റാന്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഓൺലൈൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, കറൻസി നോട്ടുകളുടെ വിനിമയം കഴിയുന്നത്ര കുറക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ നിർദേശങ്ങൾ ഉയർന്നു. ടാക്‌സികളിൽ യാത്രികരെയും ഡ്രൈവറെയും വേർതിരിക്കുന്ന സംരക്ഷണഭിത്തി സ്ഥാപിക്കുന്നതിനായി സി.എസ്.ആർ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകി. ജില്ലയിലെ ഓട്ടോ, ടാക്‌സി മേഖലയിലെ വിവിധ സംഘടനാ നേതാക്കൾ, ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ മാത്യൂസ് നുമ്പേലി എന്നിവർ പങ്കെടുത്തു.