കൊച്ചി: എറണാകുളം ജില്ലയിലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന 1,12000 പരം കുട്ടികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ഐ.എം.എ കൊച്ചി കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസർ എത്തിച്ചു നൽകി. ഓപ്പറേഷൻ എലിക്‌സർ എന്ന പേരിൽ കൊച്ചി ഐ.എം.എ ആവിഷ്‌കരിച്ച കൊവിഡ് പ്രതിരോധ പദ്ധതിയുടെ അഞ്ചാം ഘട്ടമാണിത്. ജില്ലാ ജഡ്ജി സലീന വി.ജി.നായർ, ഐ.എം.എ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്, കൊച്ചി ശാഖ പ്രസിഡന്റ് ഡോ.രാജീവ് ജയദേവൻ, സെക്രട്ടറി ഡോ.ശാലിനി സുധീന്ദ്രൻ, ഡോ.എം.ഐ.ജുനൈദ് റഹ്മാൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റെ ഏഴ് വാഹനങ്ങളിലായാണ് വിതരണം നടത്തിയത്. ബി.പി.സി.എൽ, മൂത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളും പങ്കാളികളായി. ഐ.എം.എ ഹൗസിൽ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) ജി.അനന്തകൃഷ്ണൻ, ഡോ. സജിത്ത് ജോൺ, ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. അഖിൽ സേവ്യർ മാനുവൽ, ഡോ. ജോർജ് തുകലൻ തുടങ്ങിയവരും പങ്കെടുത്തു.