travel-tourism

കേരളത്തിലെ ഏറ്റവും വലിയ വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. കൊവിഡ് രാജ്യത്തെ ടൂറിസം മേഖലകളെയും സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 40 ശതമാനം സ്ഥാപനങ്ങളും അടുത്ത ആറു മാസത്തിനുള്ളില്‍ പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബോട്ട് ട്രാവല്‍ സെന്റിമെന്റ് ട്രാക്കര്‍ നടത്തിയ സര്‍വേയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

രാജ്യത്തെ 2,300 ടൂറിസം ബിസിനസ് ഉടമകളെയും കമ്പനി പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ സർവേ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടുമാസത്തോളം നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോഴും വരുന്ന മാസങ്ങളില്‍ ടൂറിസം മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ടൂറിസം മേഖലയിലെ 35.7 ശതമാനത്തോളം കമ്പനികള്‍ താല്‍ക്കാലികമായിയെങ്കിലും അടച്ച് പൂട്ടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

81 ശതമാനം ടൂറിസം കമ്പനികളുടെ വരുമാനം 100 ശതമാനം വരെയും 15 ശതമാനം കമ്പനികളുടെ വരുമാനം 75 ശതമാനം വരെയും ഇടിഞ്ഞു. ചില ട്രാവല്‍ കമ്പനികള്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള നടപടികള്‍ തുടങ്ങി.

കേരളത്തിലെ ടൂറിസം മേഖലയുടെയും സ്ഥിതി മറ്റൊന്നല്ല.

കേരളത്തിലെ ടൂറിസം മേഖല കനത്ത തിരിച്ചടികള്‍ നേരിടുകയാണ്. രണ്ട് വര്‍ഷം തുടര്‍ച്ചയായ പ്രളയം, നിപ എന്നിവയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഓരോ പ്രതിസന്ധിയില്‍ നിന്നും കരകയറുമ്പോള്‍ അടുത്ത പ്രതിസന്ധി എന്നതാണ് കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളി.മണ്‍സൂണ്‍ കേരളത്തിലെ ഒരു ടൂറിസം സീസണാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മണ്‍സൂണും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് നഷ്ടമായി.

പ്രളയം കേരളത്തിലെ ടൂറിസത്തെ വെള്ളത്തിലാക്കി. എന്നിട്ടും കരകയറി വന്നു ടൂറിസം മേഖല. എന്നാല്‍ ഇത്തവണ ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന ടൂറിസം സീസണും തിരിച്ചടി നേരിട്ടു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപനത്തിൽ ജനുവരി ആയപ്പോഴേക്കും പലരും യാത്രകള്‍ ഒഴിവാക്കി. കേരളത്തിലെ ടൂറിസം രംഗത്ത് ഏറ്റവും കൂടുതല്‍ വരുമാനം വരുന്ന മേഖലകളിലൊന്നാണ് ആഭ്യന്തര ടൂറിസം.

എന്നാല്‍, ആ കാലമായപ്പോഴേക്കും രാജ്യം ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. ഇതോടെ കേരളത്തിലെ ടൂറിസം സീസണില്‍ കനത്ത ആഘാതമാണ് നേരിടേണ്ടി വരുന്നത്. സംസ്ഥാനത്തിനുള്ള വരുമാനത്തില്‍ മാത്രമല്ല, വ്യക്തിഗതമായും സ്വകാര്യ മേഖലയിലും ലഭിക്കുന്ന വരുമാനത്തിലും വന്‍ ഇടിവാണ് ഇത്.