കോലഞ്ചേരി: വില്പന പുനരാരംഭിച്ചെങ്കിലും ഭാഗ്യാന്വേഷികളുടെ കുറവ് ലോട്ടറി തൊഴിലാളികൾക്ക് തിരിച്ചടിയായി. എങ്ങും നഷ്ടക്കച്ചവടം. പൊതു ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും തൊഴിൽ മേഖലകൾ സജീവമാകാത്തത് വില്പനയെ സാരമായി ബാധിച്ചു. മാസങ്ങൾക്ക് മുമ്പ് വർദ്ധിപ്പിച്ച ലോട്ടറി വില കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള താൽക്കാലിക പരിഹാര മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഭാഗ്യക്കുറി വരുമാനത്തിൽ വൻ ഇടിവ് സംഭവിക്കുമെന്ന് തൊഴിലാളികൾ പറയുന്നു.
കിട്ടിയില്ല, മാസ്കും
സാനിറ്റൈസറും
ലോട്ടറി വില്പനക്കാർക്ക് മാസ്കും സാനിറ്റൈസറും ക്ഷേമ നിധി ഓഫിസ് വഴി സൗജന്യമായി നൽകുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ പലർക്കും ഇത് ലഭിച്ചിട്ടില്ല. മാർച്ച് 24നാണ് ലോട്ടറി വില്പന താത്കാലികമായി നിർത്തിവച്ചത്. സാധാരണ ഒരാഴ്ചത്തേക്കുള്ള ലോട്ടറിയാണ് ഓഫിസിൽ നിന്ന് ഏജൻസികൾക്കും വില്പനക്കാർക്കും മുൻകൂറായി നൽകുന്നത്. നറുക്കെടുപ്പ് മുടങ്ങിയ ടിക്കറ്റുകൾ തിരിച്ചെടുക്കണമെന്ന് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടെങ്കിലും പൂർണമായി നടപ്പായിട്ടില്ല. ഞായറാഴ്ചത്തെ പൗർണമി, തിങ്കളാഴ്ചത്തെ വിൻവിൻ, ചൊവ്വാഴ്ചത്തെ സ്ത്രീ ശക്തി തുടങ്ങിയ ഭാഗ്യക്കുറികളിൽ വിറ്റു പോകാത്ത 30% ടിക്കറ്റുകൾ മാത്രം തിരിച്ചെടുക്കുമെന്നാണ് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുള്ളത്. 150 ടിക്കറ്റുകൾ വരെ വാങ്ങിയ ശേഷം വില്ക്കാനാവാത്ത ചെറുകിട കച്ചവടക്കാരിൽ നിന്നും മുഴുവൻ ടിക്കറ്റും തിരിച്ചെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മാനദണ്ഡം തിരിച്ചടിയായി
വിറ്റു പോകാത്ത ടിക്കറ്റുകൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പ് നിർദേശിച്ച മാനദണ്ഡം ചില്ലറ വ്യാപാരികൾക്ക് തിരിച്ചടിയായി. 25 ലോട്ടറി ഉൾക്കൊള്ളുന്ന ഒരു ബുക്കിൽ നിന്നും ഒരെണ്ണം എങ്കിലും അടർത്തിയാൽ ബാക്കിയുള്ളവ തിരിച്ചെടുക്കില്ലെന്നാണ് തീരുമാനം. ലോട്ടറി വില്പനയിൽ പ്രതിസന്ധി തുടരുന്നതിനാൽ ജില്ലയിലെ ഏജൻസികളിൽ പലതും ചില്ലറ വില്പനക്കാരിൽ അധികം പേരും വിൽപന തുടങ്ങിയിട്ടില്ല. ലോട്ടറി ഓഫീസുകളിലേയ്ക്ക് ആളെത്തുന്നതും കുറവാണ്.
5000 രൂപ വരെയുള്ള സമ്മാനങ്ങളും സമാശ്വാസ സമ്മാനങ്ങളും ജില്ലാ ലോട്ടറി ഓഫിസിൽ നിന്ന് നേരിട്ടാണ് നൽകുന്നത്. ഇതു വാങ്ങാൻ പോലും ആരുമെത്തുന്നില്ല. ജില്ലയിൽ ലോട്ടറി വാങ്ങുന്നവരിൽ ഒരു പ്രധാന വിഭാഗം അതിത്ഥിത്തൊഴിലാളാണ്. ഒരു അതിഥി തൊഴിലാളി ക്യുമ്പിൽ പ്രതിദിനം അയ്യായിരം രൂപയുടെ ലോട്ടറി വരെ വിൽക്കാറുണ്ട്. എന്നാൽ ഇവരും ലോട്ടറി വാങ്ങാതായതോടെ ചില്ലറ വില്പനക്കാരും ബുദ്ധിമുട്ടിലായി.
പ്രകാശൻ
ലോട്ടറി വില്പനക്കാരൻ
പട്ടിമറ്റം