കൊച്ചി : കേരള വെറ്ററിനറി സർവകലാശാലാ ചട്ടത്തിലും സ്റ്റാറ്റ്യൂട്ടിലും ഒ.ബി.സിക്ക് പ്രായപരിധി ഇളവ് നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇതു ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് പ്രായപരിധി ഇളവ് നൽകാതെ നിയമനം നടത്തുന്നതിനെതിരായ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
സർവകലാശാലയുടെ 2014 ജൂൺ 12ലെ വിജ്ഞാപന പ്രകാരം ,അസി.പ്രൊഫസർ നിയമനത്തിനുള്ള പ്രായപരിധി 40 വയസാണ്. പട്ടിക വിഭാഗങ്ങൾക്ക് അഞ്ച് വർഷം ഇളവുണ്ടെങ്കിലും ഒ.ബി.സിക്ക് ഇളവില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി 2018 ഡിസംബർ 12ന് സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ചും തള്ളിയത്.