amazon-

ന്യൂഡല്‍ഹി: കൊ വിഡ് വ്യാപനത്തെ തുടർന്നുള്ള നാലാം ലോക്ക് ഡൗണിൽ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരം കുതിച്ചുയരുന്നു. വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ആളുകള്‍ കൂടുതലായും ഓണ്‍ലൈന്‍ വഴിയാണ് അവശ്യസാധനങ്ങളടക്കം വാങ്ങിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് 50,000 താല്‍കാലിക ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് ആമസോൺ.കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്തെ പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ആമസോണ്‍ ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

നാലാംഘട്ട ലോക്ക് ഡൗണിലാണ് ഓണ്‍ലൈനായി അവശ്യസാധനങ്ങള്‍ വാങ്ങിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ഇതിന് മുഴുവന്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കും സര്‍ക്കാര്‍ അനുമതിയും നല്‍കി.ആദ്യം അവശ്യസാധനങ്ങളുടെ വിതരണത്തിന് അനുമതി നല്‍കിയത് ഗ്രീന്‍, ഓറഞ്ച് സോണുകളിലാണ്.പിന്നീട് ഇത് റെഡ് സോണിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി എത്തിക്കുന്നത്തിന്റെ ഭാഗമായിട്ടാണ് താല്‍കാലിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് ആമസോണ്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് അഖില്‍ സക്സേന കമ്പനിയുടെ ബ്ലോഗിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിക്കുകയും ജീവനക്കാര്‍ അവ ഹോംഡെലിവറിയായ വീട്ടിലെത്തിച്ചു നല്‍കുകയും ചെയ്യുന്നതോടെ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരാനാകും. കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനം.ആമസോണിന്റെ വിവിധ ഫുള്‍ഫില്‍ കേന്ദ്രങ്ങളിലും ഡെലിവറി എക്‌സിക്യൂട്ടീവ് എന്നീ തസ്തികളിലുമായിരിക്കും താല്‍കാലികമായി നിയമിക്കുന്നവര്‍ ജോലി ചെയ്യേണ്ടത്.