കൊച്ചി: കൊവിഡ് ഭീതിയിൽ മാറ്റിവച്ച എസ്.എസ്.എൽ.സി പരീക്ഷ കനത്ത സുരക്ഷക്കും മുൻകരുതിലിനും ജാഗ്രതക്കുമിടയിൽ പുനരാംരംഭിച്ചു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്കിടയിൽ വിദ്യാർത്ഥികൾ പരിഭ്രാന്തിയില്ലാതെ പരീക്ഷ എഴുതി. സുഗമമായ പരീക്ഷക്ക് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് അധികൃതരും പി.ടി.എയും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. വിദ്യാർത്ഥികളെ കെ.എസ്.ആർ.ടി.സി ബസുകളിലും മറ്റു വാഹനങ്ങളിലും സ്കൂളുകളിൽ എത്തിച്ചു.

സീൻ: ഒന്ന്

സമയം: 12.30 PM
ആശങ്കയോടെയാണ് വിദ്യാ‌ർത്ഥികൾ സ്കൂളുകളിലേക്ക് എത്തിയത്. സ്കൂളുകൾ ഒരുക്കിയ വാഹനത്തിലും രക്ഷിതാക്കളോടൊപ്പവുമായിരുന്നു വരവ്. വിദ്യാർത്ഥികളെ പരിശോധിക്കാൻ തെർമൽ സ്‌കാനറുമായി അദ്ധ്യാപകർ കാത്തിരുന്നു. വിദ്യാർത്ഥികളുടെ നെറ്റിയിലേക്ക് സ്‌കാനർ പതിപ്പിക്കുന്നു. ചുറ്റും നിൽക്കുന്ന കുട്ടികൾക്ക് അത്ഭുതം. ശരീരോഷ്‌മാവിൽ വ്യത്യാസമില്ലെന്ന് ഉറപ്പിച്ച് കടത്തി വിടുന്നു. കർശന സുരക്ഷയുടെ ഭാഗമായാണ് വിദ്യാർത്ഥികളുടെ ശരീര ഊഷ്‌മാവ് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

കൈ കഴുകി വേണം സ്കൂളുകളിൽ പ്രവേശിക്കാൻ. അകത്തേക്ക് വന്ന അദ്ധ്യാപകർ വിദ്യാർത്ഥികൾക്കായി സാനിറ്റൈസറുകളും മാസ്കും നൽകി. വിദ്യാർത്ഥികൾ കൂട്ടം കൂടാതിരിക്കാനും കൈകൾ വൃത്തിയാക്കിയെന്നു ഉറപ്പു വരുത്താനും അദ്ധ്യാപക‌ർ നി‌‌‌ർദ്ദേശം നൽകി. വിദ്യാർത്ഥികൾ ഒരോരുത്തരായി നേരെ പരീക്ഷാ മുറികളിലേക്ക് നീങ്ങി. ക്ളാസ് മുറിയിൽ ഒരു ബെഞ്ചിൽ രണ്ടു പേർ‌ എന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്.

സീൻ രണ്ട്

സമയം: 2 PM

പരീക്ഷയെഴുതാൻ മണി മുഴങ്ങുന്നു. മാസ്ക് ധരിച്ച് സമൂഹ്യ അകലം പാലിച്ചിരിക്കുന്ന പരീക്ഷയെഴുതാനിരിക്കുന്ന വിദ്യാർത്ഥികൾ. പ്രാർത്ഥനയോടെ ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് ആദ്യ പരീക്ഷയുടെ ചോദ്യപ്പേപ്പർ എത്തുന്നു. കൊവിഡ‌് ഭീതിയ്ക്ക് മറന്ന് കണക്ക് പരീക്ഷയുടെ ചൂടിലേക്ക്. പ്രാർത്ഥനയുമായി രക്ഷിതാക്കൾ സ്‌കൂളിന് പുറത്ത് കാത്തിരുന്നു.

സീൻ: മൂന്ന്

സമയം 4.30 PM

പരീക്ഷ കഴിഞ്ഞ ആശ്വാസത്തോടെ വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്ന് പുറത്തേക്ക്. പതിവു പോലെ കൂട്ടംകൂടി നിന്ന് ഉത്തരങ്ങൾ പരിശോധിക്കില്ലെന്ന് ഉറപ്പുവരുത്താൻ അദ്ധ്യാപക‌ർ കാവൽ നിന്നു. അദ്ധ്യാപകരുടെ കണ്ണുവെട്ടിച്ച് കൂട്ടം കൂടി നിന്നവരെ ശാസിച്ച് അയച്ചു. രക്ഷിതാക്കളെ കുട്ടികളുടെ അടുത്തേക്ക് അയക്കാൻ പൊലീസ് സംവിധാനം ഒരുക്കിയിരുന്നു. അടുത്ത പരീക്ഷ കാണാമെന്നുറപ്പു നൽകി സ്കൂൾ വാഹനങ്ങളിലും രക്ഷിതാക്കളോടൊപ്പവും വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങി.

പരീക്ഷയെഴുതിയത് 31,688 പേർ

എറണാകുളം ജില്ലയിൽ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം നാലു വിദ്യാഭ്യാസ ഉപജില്ലകളിൽ 31,688 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. പ്രാഥമിക നിഗമനം അനുസരിച്ച് 90 ശതമാനം വിദ്യാർത്ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്.
55 ക്ലസ്റ്ററുകളിലായി തിരിച്ചാണ് പരീക്ഷ നടന്നത്. 320 സെന്ററുകളാണ് പരീക്ഷയ്ക്കായി സജ്ജമാക്കിയത്. ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 510 പേർ പരീക്ഷയെഴുതി. തൃപ്പൂണിത്തുറ സംസ്‌കൃതം ഗവ. ഹൈസ്‌കൂളിൽ മൂന്ന് കുട്ടികളാണ് പരീക്ഷയെഴുതിയത്. അതത് ജില്ലയിൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി മറ്റു ജില്ലകളിൽ സൗകര്യം ഒരുക്കിയിരുന്നതായി ഡിഡിഇ കെ.വി ലീല പറഞ്ഞു. എട്ടു സ്‌കൂളുകൾ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സന്ദർശിച്ചു. വി.എച്ച്.എസ്.ഇ. പരീക്ഷകൾ രാവിലെ നടന്നു.

കണക്കിത്തിരി കടുപ്പം

വൈകിയെത്തിയ കണക്കു പരീക്ഷ അല്പം പ്രയാസമുള്ളതായിരുന്നു. എന്നാലും ഓരോന്നും ഉത്തരം എഴുതി. പഠിക്കാൻ അധികസമയം ലഭിച്ചതിനാൽ മാർക്കും അല്പം കൂടുതൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അ‌ഞ്ജു ടോണി

ഗവൺമെന്റ് എച്ച്.എസ്.എസ്

എറണാകുളം