pic

കുട്ടനാട്: ജില്ലയിൽ ഇന്നലെ രാത്രി കനത്ത മഴ പെയ്തത്തിനെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകളും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.മഴക്കാലം എത്തി നിൽക്കുമ്പോൾ ജില്ലയിലെ വെള്ളപ്പൊക്ക പ്രതിരോധ നടപടികള്‍ അനിശ്ചിതത്വത്തിൽ.2018, 2019 വര്‍ഷങ്ങളില്‍ രണ്ടു വലിയ പ്രളയങ്ങള്‍ നേരിട്ടിട്ടും ഇനിയൊരു പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ കാര്യമായ നടപടികളില്ല.കൊവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുപോലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ പ്രളയം ഒഴിവാക്കാനുള്ള നടപടികളാണ് ജില്ലയ്ക്ക് ആവശ്യം.

2018ലെ പ്രളയം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കുട്ടനാട്.പല പഞ്ചായത്തുകളും വെള്ളപ്പൊക്കം ഉണ്ടായാല്‍ എന്തു നടപടി സ്വീകരിക്കണം എന്നതിനെപ്പറ്റി ഊഹമില്ലാതിരിക്കുകയാണ്.ജനങ്ങളെ പ്രളയബാധിത മേഖലയില്‍ നിന്നു പുറത്തെത്തിക്കാന്‍ വള്ളത്തിന്റെ ലഭ്യതപോലും പഞ്ചായത്തുകള്‍ ഉറപ്പാക്കിയിട്ടില്ല.ജലഗതാഗതത്തിനു തടസ്സമായി പോള അടക്കമുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതും പ്രതിസന്ധി സൃഷ്ടിക്കും.വേമ്പനാട്ടുകായലിലേക്ക് ഒഴുകുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞ് ആഴം കുറയുകയും വെള്ളം കടലിലേക്കു തുറന്നുവിടുന്ന പ്രധാന മാര്‍ഗമായ തോട്ടപ്പള്ളി സ്പില്‍വേ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമല്ലാത്തതും കുട്ടനാട്ടില്‍ ഇത്തവണയും വെള്ളപ്പൊക്കഭീഷണി ഉയര്‍ത്തുന്നു.

മഴക്കാലം ആരംഭിക്കുന്നതോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വെള്ളം പൊങ്ങാനും കുട്ടനാട് മുങ്ങാനും സാധ്യത ഏറെയാണ്.കഴിഞ്ഞ രണ്ടു പ്രളയത്തില്‍ കുട്ടനാട്, വേമ്പനാട്ടുകായല്‍, നദികള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ എക്കല്‍ നീക്കാത്തത് ഇപ്പോഴത്തെ അവസ്ഥയുടെ കാരണമാണ്.കുട്ടനാട്ടില്‍ കൊയ്ത്തു പൂര്‍ത്തിയാകാൻ വൈകിയത് കാരണം തണ്ണീര്‍മുക്കം ബണ്ട് തുറന്നതും വൈകി.