strike
ഫെറയുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സമരത്തിൽ നിന്ന്

കൊച്ചി: കൊവിഡ് ഭീതി ലോക്ക് ഡൗണിലേക്ക് നീട്ടിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാൻ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് മുതൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വരെ പി.എസ്.സിയുടെ റാങ്ക് പട്ടികകളിൽ ഇടംപിടിച്ചവർ. റോഡിൽ ഒത്തുകൂടിയില്ല, മുദ്രാവാക്യം ഉറക്കെ വിളിച്ചില്ല. പകരം നവമാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയെ കൂട്ടുപിടിച്ച് ഓൺലൈൻ വഴിയായിരുന്നു സമരം.

റാങ്ക് പട്ടികയിലുള്ള ഒരു ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പ്രതിഷേധം സർക്കാരിനെ അറിയിക്കാൻ ഓൺലൈൻ സമരം നടത്തിയത്. തങ്ങളുടെ ദുരിതം പറയുന്ന പ്ളക്കാർഡുകൾ ഉയർത്തി വീട്ടുമുറ്റത്ത് നിന്നുള്ള ഫോട്ടോകൾ ഒരേസമയം വിവിധ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തായിരുന്നു സമരം.

കേരളത്തിലെ സാമ്പത്തികനില ദുർബലമായിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ അടുത്ത ഒന്നര വർഷം വരെ കാലാവധി വർദ്ധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എൽ.ഡി.സി, എൽ.ജി.എസ്, സിവിൽ പൊലീസ് ഓഫീസർ, എക്സൈസ് ഓഫീസർ തുടങ്ങി കൂടുതൽ പേർ പങ്കെടുക്കുന്ന പരീക്ഷയുടെ വിജ്ഞാപനം വന്നതിനാൽ പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുകയില്ലെന്നും ഇവർ പറയുന്നു.

മിക്ക റാങ്ക് ലിസ്റ്റുകളിൽ നിന്നും 10 ശതമാനത്തിൽ താഴെ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. സപ്ലൈകോ, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടു നാല് മാസത്തോളം നിയമനം നടന്നില്ല. വിവാദപരമായ റാങ്ക് ലിസ്റ്റിനെ ചൊല്ലി കേസ് നടന്നതും ഉപതിരഞ്ഞെടുപ്പ് വന്നതും നിയമനം വൈകിച്ചു. പിന്നാലെയാണ് കൊവിഡിന്റെ വരവ്. നിലവിലുള്ള ചില റാങ്ക് ലിസ്റ്റുകൾ കാലാവധി ജൂൺ 19 വരെ വർദ്ധിപ്പിച്ചപ്പോൾ ജൂൺ 30 ന് അവസാനിക്കുന്ന ഇവരുടെ ആവശ്യം സർക്കാർ പരിഗണിച്ചില്ലെന്ന ആക്ഷേപമുണ്ട്. മിക്ക റാങ്കുലിസ്റ്റുകളും പലവിധ കാരണങ്ങളാൽ നിയമനം നടത്തിയിട്ടില്ല. ഇതാണ് സമരത്തിലേക്ക് നീങ്ങാൻ റാങ്ക് ജേതാക്കളെ പ്രേരിപ്പിച്ചത്.

സമരമേ വഴിയുള്ളു

"ലോക്ക് ഡൗൺ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കിൽ കൊവിഡ് ഭീഷണിക്ക് ശേഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും."

വിനിൽ

സംസ്ഥാന സെക്രട്ടറി

ഫെഡറേഷൻ ഒഫ് വേരിയസ് പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ (ഫെറ)

(സമര സംഘാടകർ)​