ആലുവ: ചെളിയും മണലും നീക്കാതെ സംസ്ഥാനത്തെ വീണ്ടും പ്രളയക്കെടുതിയിലേക്ക് തള്ളിവിടുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിയാറിന് നടുവിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു. പുഴയിലെ ചെളിയും മണലും ഉടൻ നീക്കുക, മനുഷ്യനിർമ്മിതപ്രളയം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുക, ജനങ്ങളുടെ ജീവനും, സ്വത്തിനും സുരക്ഷിതത്വം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
2018 ലെയും 2019ലെയും പ്രളയത്തിൽ നിന്ന് പാഠം പഠിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇന്നും പ്രളയബാധിതരായവർക്ക് ജീവിതം സാധാരണ നിലയിലാക്കാൻ സാധിച്ചിട്ടില്ല. ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിൽ ഇനിയൊരു പ്രളയമുണ്ടാകുമോ എന്ന ഭീതിയിലാണ് ജനം. ചെളിയും മണലും അടിഞ്ഞുകൂടിയതിനാൽ വർഷകാലത്ത് വെള്ളം കരകവിഞ്ഞൊഴുകുമെന്ന് ഉറപ്പാണ്. മുൻ വർഷങ്ങളേക്കാൾ അധികം മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അനുമാനിക്കുന്നത്.
യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹസിം ഖാലിദ്, രെഞ്ചു ദേവസി, കിരൺ കുണ്ടാല, അനൂപ് ശിവശക്തി, കിരൺ ക്ലീറ്റസ്, മിലൻ ജെറാൾഡ് എന്നിവർ നേതൃത്വം നൽകി.