rajagiri
ആലുവ രാജഗിരി ആശുപത്രിയിൽ കൊവിഡ് രോഗമുക്തി നേടിയ യുവതിയെ മാനേജ്മെന്റും ഡോക്ടർമാരും നേഴ്സുമെല്ലാം ചേർന്ന് പൂക്കൾ നൽകി യാത്രയാക്കിയപ്പോൾ

ആലുവ: രാജഗിരി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ചെന്നൈ സ്വദേശിനി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഈ മാസം ആറിനാണ് ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് യുവതി ആശുപത്രിയിൽ എത്തിയത്. മുപ്പതുകാരിയായ യുവതി അഞ്ച് വർഷത്തോളമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡയാലിസിസ് നിർദ്ദേശിച്ചിരുന്നു. ക്രിയാറ്റിൻ വലിയതോതിൽ കൂടിയതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരിരിയിലെത്തിയത്. റെഡ് സോണിലായ ചെന്നൈയിൽ നിന്നായതിനാൽ രാജഗിരിയിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിരുന്നു. പരിശോധനാഘട്ടങ്ങളിലെല്ലാം കൊവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യം നെഫ്രോളജി വിഭാഗം തലവൻ ഡോ. ജോസ് തോമസിന്റെ നേതൃത്വത്തിലുള്ള വൈദ്യസംഘം ഉറപ്പാക്കിയി. കൊവിഡിന്റെ സാരമായ ലക്ഷണങ്ങൾ പുറത്ത് കാണിച്ചിരുന്നില്ലെങ്കിലും രോഗിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കൃത്യസമയത്ത് ഡയാലിസിസ്‌ തുടർന്നതിനാൽ രോഗിയ്ക്ക് ഗുരുതരാവസ്ഥ തരണം ചെയ്യാനായി. ഇതിനിടയിൽ രോഗിയ്ക്ക്‌ കൊവിഡ്‌പോസിറ്റീവ് ആണെന്ന റിസൽട്ടും വന്നു. സർക്കാർ സംവിധാനം ഉടൻ രാജഗിരിയിലെത്തി മുൻകരുതലുകൾ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. തുടർന്നുവന്ന വിദഗ്ദ്ധ സംഘം കാര്യങ്ങൾ വിലയിരുത്തി ചികിത്സ രാജഗിരിയിൽ തന്നെ തുടരുവാൻ നിർദ്ദേശിക്കുകയായിരുന്നു. ഇരുപത് ദിവസത്തിനുള്ളിൽ പത്ത് പ്രാവശ്യം ഡയാലിസിന് വിധേയരായ രോഗി ഇന്നലെ വീട്ടിലേക്ക് മടങ്ങി. ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും നേഴ്സുമെല്ലാം ചേർന്ന് പൂക്കൾ നൽകിയാണ് യാത്രയാക്കിയത്.