തൃക്കാക്കര : ജില്ലയിലെ മഴക്കാലപൂർവ മുന്നൊരുക്കം അതിവേഗത്തിൽ. വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം രൂപം നിൽകിയിട്ടുള്ളത്. കാലവർഷത്തിന്റെ ഏതു സാഹചര്യവും നേരിടുന്നതിനാണ് ഈ രീതി അവലംബിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ബ്ലോക്ക് തലത്തിലും ബ്ലോക്ക് തല പ്രവർത്തനങ്ങൾ ജില്ലാതലത്തിലും വിലയിരുത്തി പഞ്ചായത്ത് ഡയറക്ടറേറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കനത്ത മഴയിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാനായി അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നതിനുള്ള നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നൽകി. ഇതിനായി ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. സമിതിയുടെ ശുപാർശ പ്രകാരം മരം മുറിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് അനുവാദം നൽകുന്നത്.
നിർദ്ദേശങ്ങൾ
സ്കൂളുകളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കും
പുഴകളിലും തോടുകളിലും നീരൊഴുക്ക് സുഗമമാക്കും
മണ്ണൊലിപ്പ് തടയാൻ പ്രാദേശിക സംവിധാനം
പാലങ്ങളിലെ തടസം നീക്കും
തടയണകൾ വി.സി.ബിയിലുള്ള ഷട്ടറുകൾ നീക്കം ചെയ്യും
കായലിലേക്കുള്ള കൈത്തോടുകൾ അടിയന്തിരമായി തുറക്കും
പുഴകളിലെ തടസങ്ങൾ നീക്കും.