prithvi
പൃഥ്വിരാജിന്റെ സെൽഫി

കൊച്ചി: ആടുജീവിതം ഗെറ്റപ്പിൽനിന്ന് ശരീരം തിരികെപ്പിടിക്കുന്ന നടൻ പൃഥ്വിരാജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മിന്നുംതാരം. ഫോർട്ടുകൊച്ചിയിൽ ക്വാറന്റൈനിൽ കഴിയുന്ന പൃഥ്വി,​ സെൽഫി ചിത്രത്തിനൊപ്പം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്.

സിനിമയ്ക്കായി ശരീരഭാരം കുറച്ച പൃഥ്വി സിക്സ്‌പാക്ക് ബോഡിയിലേക്ക് തിരികെ വരുന്നതിന്റെ തുടക്കമാണ് ചിത്രം. ശരീരത്തിന് മാത്രമേ പരിധിയുള്ളൂ, മനസിനില്ലെന്നു പറഞ്ഞ് ദുൽഖർ സൽമാനെ ടാഗ് ചെയ്താണ് പോസ്റ്റ് അവസാനിക്കുന്നത്. ക്വാറന്റൈനിന് മുമ്പ് താമസസ്ഥലത്ത് സജ്ജീകരിച്ച ജിമ്മിലെ ഉപകരണങ്ങളുടെ ചിത്രം താരം നേരത്തെ പങ്കുവച്ചിരുന്നു. ചിത്രീകരണത്തിനിടെ ലോക്ക് ഡൗണിൽ ജോർദാനിൽ കുടുങ്ങിപ്പോയ പൃഥ്വിയും സംവിധായകൻ ബ്ളെസിയുമടങ്ങിയ സംഘം 22നാണ് തിരികെയെത്തിയത്.

പൃഥ്വിയുടെ പോസ്റ്റ്:

'ആടുജീവിത'ത്തിന്റെ നഗ്‌നശരീരരംഗങ്ങൾ ഞങ്ങൾ പൂർത്തിയാക്കിയിട്ട് ഒരുമാസം. അവസാനദിവസം എന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് അപകടകരമാംവിധം കുറവായിരുന്നു. ഒരു മാസത്തെ ഭക്ഷണം, വിശ്രമം, പരിശീലനം എന്നിവ എന്നെ ഇവിടെ എത്തിച്ചു. ഒരു മാസം മുമ്പ് ശരീരത്തിന് അനുയോജ്യമായ ഭാരത്തിനും വളരെയേറെ താഴെ ഭാരമുള്ളപ്പോൾ, ഞാൻ ഏറ്റവും ദുർബലനായിരുന്നപ്പോൾ എന്നെ കണ്ട ക്രൂ അംഗങ്ങളാണ് ശരിക്കും ആശ്ചര്യപ്പെടുക. എന്റെ പരിശീലകനും ന്യൂട്രിഷനിസ്റ്റുമായ അജിത്ത് ബാബുവിനും ബ്ലെസിച്ചേട്ടനും സംഘത്തിനും നന്ദി, ആ 'ദിവസ'ത്തെ ഷൂട്ടിംഗ് എന്റെ വീണ്ടെടുക്കലിനായി വേണ്ടത്ര സമയം നീക്കിവച്ച് ആസൂത്രണം ചെയ്തതിന്. ഓർക്കുക, മനുഷ്യശരീരത്തിന് അതിന്റേതായ പരിധികളുണ്ട്, മനസിനില്ല!