കൊച്ചി: ലോക്ക് ഡൗൺ കാലത്ത് പരീക്ഷാ ടൈം ടേബിൾ വന്നപ്പോൾ എറണാകുളം ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികളായ ജെഷ്യയ്ക്കും അഞ്ജുവിനും കൊവിഡിനേക്കാളേറെ ആശങ്ക പരീക്ഷയ്ക്കെത്തുന്നത് എങ്ങനെയെന്ന ആധിയായിരുന്നു. മക്കൾ ടെൻഷനാകും മുമ്പ് ഇരുവരുടെയും അമ്മമാർ ദൗത്യം ഏറ്റെടുത്തു. ഓട്ടോറിക്ഷ ഓടിച്ച് സ്കൂളിൽ എത്തിക്കും. പരീക്ഷ തീരും വരെ കാത്തുകിടക്കും.
തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ വരെ എത്താൻ ജെഷ്യയ്ക്ക് 12 കിലോമീറ്റർ യാത്ര ചെയ്യണം. അഞ്ജുവിന് അരൂരിൽ നിന്ന് 14 കിലോമീറ്റർ താണ്ടണം. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരീക്ഷ അവസാനിക്കുക വൈകിട്ട് 4.30 നും.
ഇന്നലെ ഉച്ചയ്ക്ക് 12 നു തന്നെ തൃപ്പൂണിത്തുറയിൽ നിന്ന് ഓട്ടോയിൽ ജെഷ്യയെ അമ്മ ഐഷ ഉമ്മർ ഫാറൂക്ക് സ്കൂളിലെത്തിച്ചു. മുമ്പ് ബസിലാണ് രണ്ടു സഹോദരിമാർക്കൊപ്പം ജെഷ്യ സ്കൂളിൽ എത്തിയിരുന്നത്.
മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി ട്രാഫിക് വാർഡനായി ജോലി ചെയ്തു വരികയായിരുന്നു ഐഷ. കുടുംബം പുലർത്താൻ ജോലിയ്ക്കും ശേഷം ആറു മണി മുതൽ തൃപ്പൂണിത്തുറയിൽ ഓട്ടോ ഓടിക്കും. നഗരത്തിലേത്തിലേക്ക് ഓട്ടോയുമായി എത്തുന്ന പതിവില്ല. മകൾ പരീക്ഷ എഴുതി തിരിച്ച് വീട്ടിലെത്തുന്നത് വൈകുന്നതിനാലാണ് ഓട്ടോയിൽ കൊണ്ടുപോവാമെന്ന് ഐഷ തീരുമാനിച്ചത്. പരീക്ഷ കഴിയുന്നത് വരെ ഐഷ ഓട്ടോയിൽ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞെത്തിയ മകളുടെ സന്തോഷം കണ്ടതോടെ വിശേഷം ആരാഞ്ഞ് ഐഷയും മകളും ഓട്ടോയിൽ വീടുകളിലേക്ക് മടങ്ങി.
അരൂരിൽ നിന്ന് അഞ്ജു ടോണിയെ സ്കൂളിലെത്തിച്ചത് അമ്മ ടെസി ടോണിയാണ്. മക്കളെ പലപ്പോഴും ഓട്ടോയിൽ സ്കൂളിൽ എത്തിക്കാറുണ്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ കുട്ടിയെ പരീക്ഷയ്ക്കെത്തിക്കുന്നതിന്റെ ആധിയിലായിരുന്നു ടെസി. അരൂർ പഞ്ചായത്തിലാണ് ടെസി ഓട്ടോ ഓടിക്കുന്നത്. കൊവിഡ് ലോക്ക് ഡൗൺ മൂലം ഓട്ടോ ഓടിക്കാൻ പറ്റാതായി. ലോക്ക് ഡൗൺ ആരംഭിച്ചിട്ട് പിന്നെ വണ്ടിയോടിയിച്ചിട്ടില്ല. കൈയിലുണ്ടായിരുന്ന പൈസയ്ക്ക് പെട്രോൾ അടിച്ചാണ് മകളുമായി എത്തിയത്.
ഇന്ന് ടെസിക്ക് ഇരട്ടി പണിയാണ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മൂത്ത മകളെ രാവിലെ കുത്തിയതോട് സ്കൂളിൽ പരീക്ഷക്കെത്തിയ്ക്കണം. ഉച്ചയ്ക്ക് മകളെ തിരിച്ചെത്തിച്ച് അഞ്ജുവിനെ വീട്ടിൽ നിന്ന് 12.30 ന് എറണാകുളം ഗേൾസ് ഹൈസ്കൂളിൽ പരീക്ഷയ്ക്ക് എത്തിക്കണം. കുറേ ഓടണ്ടി വരുമെങ്കിലും റെഡിയെന്ന് ടെസി പറയുന്നു.