പറവൂർ: പറവൂർ നഗരസഭ രൂപം കൊണ്ടിട്ട് നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളോടെ ശതാബ്ദി ആഘോഷിക്കാൻ നഗരസഭ തീരുമാനിച്ചു.ആഘോഷ പരിപാടികൾ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊവിഡ് നിയന്ത്രണമായതിനാൽ തത്കാലം ആഘോഷങ്ങൾ ഉണ്ടാകില്ല.പകരം മറ്റ് ചില പദ്ധതികൾ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ ഡി.രാജ്കുമാർ പറഞ്ഞു.

#പദ്ധതികൾ

ശതാബ്ദിയുടെ ഭാഗമായി നിലവിലെ സാമൂഹ്യ സഹചര്യം കണക്കിലെടുത്ത് കൂടുതൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു തരിശ് രഹിത പറവൂർ നടപ്പാക്കാനും തീരുമാനിച്ചു.നഗരസഭയിലെ പെൻഡിംഗ് ഫയലുകൾ തീർപ്പാക്കും.കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം അദാലത്തുകൾ സംഘടിപ്പിക്കും.ജനങ്ങൾക്ക് അധിക സേവനം നൽകാൻ ജീവനക്കാർ ഹോളിഡേ ചലഞ്ച് നടപ്പിലാക്കും. ക്ലീൻ പറവൂർ ഗ്രീൻ പറവൂർ പദ്ധതി വിപുലീകരിക്കും. വീടുകളിലെ മാലിന്യ സംസ്കരണ പദ്ധതി ശക്തിപ്പെടുത്തും. ശതാബ്ദി മന്ദിരം അടക്കമുള്ള വികസന പ്രവർത്തനങ്ങളുടെ പ്രോജക്റ്റ് പിന്നീട് തയാറാക്കും.

#തിരനോട്ടം

1921 ലാണ് പറയാത്ത് ഇ. ഗോവിന്ദമേനോൻ ആദ്യ ചെയർമാൻ സ്ഥാനം ഏറ്റത്. 1912-13ൽ ടൗൺ ഇംപൂവ്മെന്റ് കമ്മിറ്റി രൂപം കൊണ്ടു. ടൗൺ ഇംപൂവ്മെന്റ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ഡോ. ടി.കെ. വർഗീസായിരുന്നു. അന്ന് പ്രസിഡന്റിനെ തിരുവിതാംകൂർ മഹാരാജാവ് നോമിനേറ്റ് ചെയ്യുകയായിരുന്നു പതിവ്.പിന്നീട് മുനിസിപ്പാലിറ്റിയായി മാറി. മുനിസിപ്പാലിറ്റിയായതിനു ശേഷമാണ് തിരഞ്ഞെടുപ്പും ചെയർമാനും നിലവിൽ വന്നത്.