കുറുപ്പംപടി: കുറുപ്പംപടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമ ആർ. അനിൽകുമാറിനെ ഞായറാഴ്ച വൈകിട്ട് സ്ഥാപനത്തിന്റെ ഗോവണിപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സഹോദരൻ ആർ. അജന്തകുമാർ ഇന്നലെ പരാതി നൽകി.
പോസ്റ്റ്‌മോർട്ടം നടത്തി വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പേ ആത്മഹത്യയെന്ന് ചിലർ പ്രചരിപ്പിച്ചതിനെത്തുടർന്നായിരുന്നു സംശയങ്ങളുടെ തുടക്കം. തീകൊളുത്തി ആത്മഹത്യചെയ്തെന്നാണ് പൊലീസ് ഭാഷ്യം. ചെറുകുന്നത്തെ പെട്രോൾപമ്പിൽ നിന്ന് അനിൽകുമാർ പെട്രോൾ വാങ്ങിപ്പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറയുന്നു.
എന്നാൽ ഇൻക്വസ്റ്റ് തയ്യാറാക്കാതെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ പൊലീസ് നടപടിയിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മരണവെപ്രാളം കാണിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച മകനെത്തുമ്പോൾ സ്ഥാപനം തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
ഇന്നലെ വൈകിട്ടാണ് ബന്ധുക്കളുടെയും സഹോദരന്റെയും സാന്നിദ്ധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഇൻസ്‌പെക്ടർ മനോജിന്റെ നേതൃത്വത്തിൽ പണമിടപാട് സ്ഥാപനത്തിൽ പരിശോധന നടത്തിയത്.