കൊച്ചി : വ്യാജമദ്യം പിടികൂടിയ കേസിൽ ഒളിവിൽ കഴിയുന്ന എറണാകുളം എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ പാമ്പാക്കുട സ്വദേശി ബേസിൽജോസിന് ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നും അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കിയാൽ ജാമ്യത്തിന് അപേക്ഷ നൽകാമെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

എ.ആർ. ക്യാമ്പിലെ മറ്റൊരു പൊലീസുകാരനായ തോപ്പുംപടി സ്വദേശി ഡിബിന്റെ വീട്ടിൽ മേയ് എട്ടിന് എക്സൈസ് നർക്കോട്ടിക് സെൽ നടത്തിയ റെയ്ഡിലാണ് 14.5 ലിറ്റർ മദ്യം പിടിച്ചെടുത്തത്. ബേസിൽജോസാണ് മദ്യം എത്തിച്ചുനൽകിയതെന്ന് ഡിബിൻ മൊഴി നൽകിയിരുന്നു. ഡിബിനു പുറമേ അയൽവാസിയായ വിഘ്നേഷും അറസ്റ്റിലായിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ ബേസിൽ തന്നെ അറസ്റ്റുചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.