കൊച്ചി: ഫോട്ടോജേർണലിസ്റ്റ് ഫോറം അംഗങ്ങളുടെ ക്യാമറ കണ്ണുകളാൽ ഒപ്പിയെടുത്ത ലോക്ഡൗൺ ദൃശ്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ 'നേർക്കാഴ്ചകൾ' എന്ന ഹ്രസ്വ വീഡിയോ പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ.ലാൽജിയാണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തിറക്കിയത്. കൊച്ചിയിലെ വിവിധ പത്ര സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയാണ് ഫോട്ടോജേർണലിസ്റ്റ് ഫോറം. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത് എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കിയ വീഡിയോയിൽ 45 ഫോട്ടോഗ്രാഫർമാർ പങ്കെടുത്തു. സോമു ജേക്കബിന്റെ സ്‌ക്രിപ്റ്റിന്, ആർ.ജെ ശാലിനിയാണ് ശബ്ദം നൽകിയിരിക്കുന്നത്. കെ.എസ്. സൂരജാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്. ചടങ്ങിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം ആർ.ഗോപകുമാർ, ഫോറം കൺവീനർ എ.എസ്. സതീഷ്, ജോയിന്റ് കൺവീനർമാരായ എൻ.ആർ.സുധർമദാസ്, ടി.കെ.പ്രദീപ് കുമാർ തുടങ്ങിയവരും സംസാരിച്ചു.