കൊച്ചി: കോർപ്പറേഷനിലെ ഇ-ഗവേണൻസ് സംവിധാനത്തിന്റെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ജനന,മരണ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള കാലതാമസത്തെ കുറിച്ച് ഇന്നലെ നടന്ന കൗൺസിലും ചർച്ചയുണ്ടായെങ്കിലും രണ്ടാം തവണയും ഇതുസംബന്ധിച്ച അജണ്ട മാറ്റിവച്ചു. വർഷങ്ങളായിട്ടും പദ്ധതി പൂർണമായും നടപ്പാക്കാനാവാത്ത സാഹചര്യത്തിൽ സ്വകാര്യ കമ്പനിയായ ടി.സി.എസിനു പകരം ഇൻഫർമേഷൻ കേരള മിഷനെ(ഐ.കെ.എം) ഇഗവേണൻസിന്റെ ചുമതല ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തെ തുടർന്നാണ് വീണ്ടും അജണ്ട മാറ്റിയത്. ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാറിന്റെ നിർദേശം അനുസരിച്ച് വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാമെന്നു മേയർ സൗമിനി ജെയിൻ പറഞ്ഞു.

നിലവിലുള്ള ഹാർഡ്‌വയർ കാലഹരണപ്പെട്ട സാഹചര്യത്തിൽ പുതിയത് വാങ്ങണോ അതോ ക്ളൗഡിലേക്ക് മാറണോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമെടുക്കാനുള്ളതെന്ന് മേയർ സൗമിനി ജെയിൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള സെർവർ ഏതു നിമിഷവും ഡൗണാകും. സ്റ്റോറേജ് സംവിധാനമില്ലാതായാൽ ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാകും.ടി.സി.എസിന്റെ സഹായത്തോടെ കോർപ്പറേഷനിലെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കണമെന്നാണ് കഴിഞ്ഞ വർഷം മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനമെടുത്തതെന്ന കാര്യവും മേയർ ഓർമ്മിപ്പിച്ചു. 2

# മറ്റു തീരുമാനങ്ങൾ

ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബ്രേക്ക് ത്രൂപദ്ധതിയുടെയും കോർപ്പറേഷന്റെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി യോഗം വിളിച്ചുചേർക്കും.

#ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിന് ഓരോ സർക്കിളിലേക്കും 25000 രൂപ വീതം അനുവദിച്ചു. ആരോഗ്യ വിഭാഗത്തെ ഇതിന്റെ ചുമതലകൾ ഏല്പിച്ചു

#ഒരു റോ റോ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. രണ്ടാമത്തെ റോ റോ അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണ്. ഇതും എത്രയും പെട്ടെന്ന് സർവീസ് നടത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

#പി.വൈ.എം.എ ( പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി ) യുടെ കീഴിൽ 8266 അപേക്ഷകൾ ലഭിച്ചു

4286 വീടുകളുടെ നിർമ്മാണം ആരംഭിച്ചു

1987 വീടുകളുടെ പണി തീർന്നു

ബാക്കി നിർമ്മാണം പൂർത്തിയാക്കുന്നതിന് യൂണിയൻ ബാങ്കിൽ നിന്ന് 34 കോടി കടമെടുക്കുമെന്നും മേയർ അറിയിച്ചു.