കോലഞ്ചേരി: പൊതുഗതാഗതം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കരകയറാനാകാതെ ബസുടമകൾ. ജനം പൊതുഗതാഗതത്തെ പാടെ കൈയൊഴിഞ്ഞു. കൊവിഡ് കേസുകൾ വർദ്ധിച്ചതും ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കി. ഭായിമാരായിരുന്നു ആകെ ബസുകളെ ആശ്രയിക്കുന്നത്. അവരും കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി. പ്രധാന റോഡുകളിൽ മാത്രമാണ് നിലവിൽ സർവീസ്.ഉൾപ്രദേശങ്ങളിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടില്ല. കുട്ടി ബസുകളാണ് ഈ റൂട്ടുകളിൽ കൂടുതലും സർവീസ് നടത്തുന്നത്. 25 പേർ കയറുന്ന ബസിൽ പരമാവധി കയറ്റാവുന്നത് 13 പേരെയാണ്. ഇങ്ങനെ ഓടിയാൽ നഷ്ടമുറപ്പായതിനാലാണ് ഭൂരിഭാഗം ബസ് ഉടമകളും സർവീസ് പുനരാരംഭിക്കാത്തത്. യാത്രക്കാരും കഷ്ടപ്പാടിലാണ്.
നഷ്ടത്തിന്റെ കണക്ക്
കോലഞ്ചേരി പെരുമ്പാവൂർ റൂട്ടിൽ 48 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ആ സ്ഥാനത്ത് എട്ട് ബസുകളാണ് ഇപ്പോഴുള്ളത്. ഇവരും വൻ നഷ്ടത്തിലാണ്. 8000-9000 രൂപ കളക്ഷനുണ്ടായിരുന്ന റൂട്ടിൽ 4000-4500 ലേയ്ക്കാണ് കുറഞ്ഞു. 3000-3200 ഡീസലിനാകും ജോലിക്കാരുടെ എണ്ണം രണ്ടാക്കി ചുരുക്കി ബാറ്റയും വെട്ടിക്കുറച്ചപ്പോഴും 1600 രൂപ വേണം. മറ്റു ചിലവകൾക്ക് 200 രൂപ വരും. എല്ലാം കഴിഞ്ഞ് ഉടമയ്ക്ക് കിട്ടുന്നത് 100-200 രൂപ.
ഓട്ടം നിർത്തും
വണ്ടിയുടെ മെയിന്റൻസിനു പോലും തുക തികയില്ല. ഒന്നാം തീയതി വരെ നോക്കും. തുടർന്നും ഇങ്ങനെയാണെങ്കിൽ സർവീസ് നിർത്തും.
ജി.വിനോദ് കുമാർ,
മേഖല പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം
ഓട്ടംനിർത്തി ഓട്ടോ
ഒരു ദിവസം ഓട്ടോ ഓടിട്ടുന്നത് 800-1000 രൂപ വരെയായിരുന്നു. ഇപ്പോൾ 150 രൂപ മാത്രമാണ് കിട്ടുന്നത്. ഇതുതന്നെയാണ് എല്ലാവരുടെയും സ്ഥിതി. സ്റ്റാൻഡിൽ പെർമിറ്റുള്ള 200 ഓട്ടോകളുണ്ട്. ഒരു മണിക്കൂർ കാത്ത് കിടന്നാലാണ് 25 രൂപയുടെ ഓട്ടം കിട്ടുകയെന്ന് ഡ്രൈവർമാർ പറയുന്നു. മുമ്പൊക്കെ എവിടെപ്പോയി തിരിച്ച് വരുമ്പോഴും ആളെ കിട്ടുമായിരുന്നു. ഇപ്പോൾ രണ്ടാളെ മാത്രമേ കയറ്റാൻ സാധിക്കൂ. പല റൂട്ടുകളിലും ഒരാളെപ്പോലും കിട്ടുന്നില്ല. കിട്ടുന്ന ഓട്ടത്തിലധികവും മിനിമം തുകയ്ക്കുള്ളതാണ്.