raghu1
നോ ക്യൂ ലോഗോ

കൊച്ചി: നാട്ടിലെല്ലാവരും "ബെവ് ക്യൂ"വിന്റെ വരവിനായി കാത്തിരുന്നപ്പോൾ എറണാകുളം പോണേക്കര നിവാസിയും മൾട്ടിമീഡിയ അദ്ധ്യാപകനുമായിരുന്ന എൻ.ബി രഘുനാഥ് തന്റെ പണിപ്പുരയിലായിരുന്നു. "ബെവ് ക്യൂ"വിന് മുമ്പ് "നോ ക്യൂ" എന്നൊരു ആപ്പ് പണിതിറക്കി രഘുനാഥ്. പക്ഷേ, ഇത് കുടിയന്മാർക്ക് വേണ്ടിയായിരുന്നില്ലെന്ന് മാത്രം. മഴക്കാലം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ കൊവിഡ് ഭീതിക്കിടയിൽ രോഗങ്ങളുമായി ക്ലിനിക്കുകളെ ആശ്രയിക്കേണ്ടി വരുന്നവർക്കായാണ് രഘുനാഥിന്റെ നോ ക്യൂ ആപ്പ്.
കൊവിഡ്കാലത്ത് മകളെയും കൊണ്ട് ഡോക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് ഇത്തരത്തിൽ ഒരു ആപ്പ് നിർമ്മിക്കേണ്ട ആവശ്യകത രഘുനാഥിന് ബോധ്യമായത്. ഒരു ചെറിയ മുറിക്കുള്ളിൽ മുപ്പതോളം പേർ ഇരിക്കുന്ന അവസ്ഥ. അന്വേഷിച്ചപ്പോൾ വരുന്നവരെ നിയന്ത്രിക്കാൻ ക്ളിനിക്കുകാർക്ക് പ്രത്യേകിച്ച് ഒരു സൌകര്യവുമില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് മൂന്നാഴ്ച മുമ്പ് നോ ക്യൂ ഡെവലപ്പ് ചെയ്യാൻ തുടങ്ങിയത്. എറണാകുളത്തെ വിവിധ കോളേജുകളിൽ മൾഡിമീഡിയ അദ്ധ്യാപകനായിരുന്നു രഘുനാഥ്.

കുട്ടികൾക്ക് വേണ്ടി ക്വിസ് ആപ്പും വീട്ടമ്മമാർക്ക് വീട്ടുകണക്ക് കൈകാര്യം ചെയ്യാൻ കണക്കുപുസ്തകം എന്ന ആപ്പും ഡെവലപ്പ് ചെയ്താണ് ആപ്പ് ഡെവലപ്പിംഗിലേക്ക് രഘുനാഥ് തിരിയുന്നത്. കൊവിഡ് കാലത്ത് രഘുനാഥ് ചെയ്ത ആദ്യത്തെ ആപ്പല്ല നോ ക്യൂ. നാട്ടിൻപുറത്തുള്ളവരെ മനസ്സിൽ കണ്ട് വീട്ടിലേക്ക് സാധനങ്ങളെത്തിക്കുന്ന ഹോം ഷോപ്പി, ടേസ്റ്റി ഫുഡ്സ് തുടങ്ങിയ ആപ്പുകളും ഇദ്ദേഹം ഡെവലപ്പ് ചെയ്തിട്ടുണ്ട്. നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ ഡിവിഷണൽ മാനേജരായ ബീനകുമാരിയാണ് ഭാര്യ. പത്താംക്ളാസ് വിദ്യാർത്ഥിയായ നവനീത്, നാലാംക്ളാസുകാരി ലക്ഷ്മി ഭദ്ര എന്നിവരാണ് മക്കൾ.

സന്ദേശമെത്തുമ്പോൾ

ആശുപത്രിയിൽ കയറാം

തലേദിവസം ആപ്പിൽ രോഗിയുടെ സൌകര്യപ്രദമായ സമയം മുൻകൂട്ടി ബുക്ക് ചെയ്യാം. തനിക്ക് മുമ്പിലുള്ള പത്ത് രോഗികളിൽ ആരെയാണ് ഡോക്ടർ പരിശോധിക്കുന്നത് എന്ന് കൃത്യമായി അറിയാൻ പറ്റും. ഇതനുസരിച്ച് വീട്ടിൽ നിന്ന് ഇറങ്ങാം. ഓരോ രോഗിയെയും പരിശോധിക്കുമ്പോൾ ഡോക്ടർക്ക് അലർട്ട് ബെൽ നൽകാനുള്ള സൌകര്യം ആപ്പിലുണ്ട്. ഇതനുസരിച്ച് അടുത്ത രോഗിയ്ക്ക് തന്റെ ടോക്കൺ സമയമായെന്ന എസ്.എം.എസ് സന്ദേശം ലഭിക്കും. ആ സമയത്ത് ക്ളിനിക്കിന് അകത്തേക്ക് പ്രവേശിച്ചാൽ മതിയെന്ന സൌകര്യം ഇതിലൂടെ ലഭ്യമാകും. കഴിഞ്ഞയാഴ്ച സുഹൃത്തുക്കളായ ഡോക്ടർമാർ വഴി ആപ്പിന്റെ ടെസ്റ്റ് വിജയകരമായി നടത്തി. ഗൂഗിൾ പ്ളേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്.

"ഗ്രാമീണ മേഖലയിലുൾപ്പെടെ സ്മാർട്ട് ഫോണുകളുള്ള എല്ലായിടത്തും ജീവിതം എളുപ്പമാക്കാൻ ആപ്പുകൾ സഹായിക്കും. കൊവിഡ് കാലത്ത് ആൾക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആപ്പുകൾ എല്ലാവരും ശീലമാക്കേണ്ടിയിരിക്കുന്നു "

എൻ.ബി രഘുനാഥ്