കൊച്ചി: നടപ്പു സാമ്പത്തികവർഷത്തിൽ നികുതി പിരിവിലൂടെ 55 -60 കോടി സമാഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കൊച്ചി കോർപ്പറേഷൻ. എന്നാൽ ലഭിച്ചത് 18 കോടി മാത്രം! ഓൺലൈനിലൂടെ നികുതി അടയ്ക്കാനുള്ള സംവിധാനമുണ്ടായിരുന്നെങ്കിൽ ഉദ്ദേശിച്ചതിന്റെ പാതി തുകയെങ്കിലും അക്കൗണ്ടിൽ എത്തുമായിരുന്നെന്ന് ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനും ഡെപ്യൂട്ടി മേയറുമായ കെ.ആർ.പ്രേമകുമാർ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളിൽ വരെ ഓൺലൈനായി കെട്ടിട നികുതിയും പ്രൊഫഷണൽ ടാക്‌സും അടയ്ക്കാൻ സൗകര്യമുള്ളപ്പോൾ ഇക്കാര്യങ്ങൾക്കായി നഗരസഭ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ് കൊച്ചി നഗരവാസികൾ. ഇ ഗവേണൻസ് പ്രവർത്തനക്ഷമമല്ലാത്തത് കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോർപ്പറേഷന് തിരിച്ചടിയായി
# ഇ ഗവേണൻസ് നാൾവഴികൾ
കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി 2005- 2006 ൽ തുടക്കം
ആദ്യ ചുമതല ഇൻഫമേഷൻ കേരള മിഷന് ( ഐ.കെ.എം )
അജ്ഞാതമായ കാരണങ്ങളാൽ ഐ.കെ.എം പാതിവഴിയിൽ പിൻമാറി
2011ൽ വിപ്രോയെ കൺസൾട്ടന്റായി നിയോഗിച്ചു
വിപ്രോ ടി.സി.എസിനെ ചുമതല ഏല്പിച്ചു
പല തവണ കാലാവധി നീട്ടികൊടുത്തിട്ടും പദ്ധതി പൂർത്തിയാക്കാൻ ടി.സി.എസിന് കഴിഞ്ഞില്ല
കരാർ തുക 8.1 കോടി
ഇതുവരെ ടി.സി.എസിന് നൽകിയത് 4.94 കോടി
ബാക്കി പണം കൈമാറാത്തതിൽ പ്രതിഷേധിച്ച് ടി.സി.എസ് 2019 ഫെബ്രുവരിയിൽ നഗരസഭ വിട്ടതോടെ പദ്ധതി കട്ടപ്പുകയായി.
# സർക്കാർ ഇടപെട്ടിട്ടും
നടപടിയില്ല
ഇ ഗവേണൻസ് പ്രതിസന്ധി പരിഹരിക്കുന്നതിന് 2019 ജൂൺ 30ന് മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ആറു മാസത്തിനകം ടി.സി.എസ് എല്ലാ മൊഡ്യുളുകളും പൂർത്തിയാക്കണമെന്നും ഐ.കെ.എം ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കണമെന്നും നിർദേശം നൽകി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടി.സി.എസിന്റെയും ഐ.കെ.എമ്മിന്റെയും രണ്ടും വിപ്രോയുടെ ഒരു ജീവനക്കാരനെയും കോർപ്പറേഷൻ ഓഫീസിൽ താത്കാലികമായി നിയോഗിക്കണമെന്ന് നിർദേശം നൽകി. ഇവർക്ക് കോർപ്പറേഷൻ ശമ്പളം നൽകണമെന്ന ആവശ്യത്തെ പ്രതിപക്ഷം എതിർത്തതോടെ കഴിഞ്ഞ ദിവസം നടന്ന കൗൺസിലും അജണ്ട മാറ്റിവച്ചു.
# ഗുരുതരമായ സാഹചര്യം
ടി.സി.എസിന്റെ സഹായമില്ലാതെ ഇ ഗവേണൻസ് ജോലികൾ മുന്നോട്ടുനീങ്ങില്ല. ഡാറ്റകൾ ശേഖരിച്ചിരിക്കുന്ന ഹാർഡ്‌വെയറുകൾ കാലഹരണപ്പെട്ട സാഹചര്യത്തിൽ പുതിയ ഹാർഡ് വെയറുകൾ വേണോ അതോ ഐ ക്ലൗഡ് സംവിധാനത്തിലേക്കു മാറണോ എന്നതാണ് ഇപ്പോഴത്തെ വിഷയം. ഇക്കാര്യത്തിൽ ഇനിയും തീരുമാനം വൈകിച്ചാൽ ഡാറ്റ സംവിധാനത്തിൽ തകരാർ സംഭവിച്ച് സേവനങ്ങൾ തന്നെ നിലച്ചു പോകുന്ന സാഹചര്യമുണ്ടാവും
സൗമിനി ജെയിൻ
മേയർ