കൊച്ചി: ജൂൺ ആദ്യ വാരം മുതൽ കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങും. ഇതോടെ നഗരത്തിലെ പൊതുഗതാഗത സംവിധാനം പൂർവ സ്ഥിതിയിലാകും. 50 ശതമാനം വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നികുതി ഇളവിനായി ജി ഫോം നൽകി കയറ്റിയിട്ടിരുന്ന ബസുകളാണ് സർക്കാർ നികുതി ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇൻഷ്വറൻസ് സർട്ടിഫീക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കുക. ജി ഫോം സമർപ്പാക്കാത്ത വാഹനങ്ങളാണ് ലോക്ക്ഡൗൺ ഇളവ് ലഭിച്ചത് മുതൽ നിരത്തിലിറങ്ങിയത്.

സർക്കാർ ബസുടമകൾക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാർ പെർമിറ്റ്, പി.എഫ് കാലാവധിയിൽ ജൂലൈ 31 വരെയും നീട്ടി നൽകി. ഇൻഷ്വറൻസ് ഇളവിനായാണ് നിലവിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്നുള്ള സർട്ടിഫീക്കറ്റ് ഇൻഷ്വറൻസ് കമ്പനികൾക്ക് നൽകണം. 60- 70 വരെ ദിവസങ്ങൾക്ക് വരെ ഇളവുകൾ ലഭിക്കാനായാണ് ബസുകൾ ജൂണിൽ നിരത്തിലിറക്കുക.


പകുതി ഇൻഷ്വറൻസ് സർട്ടിഫീക്കറ്റ് നൽകി

ലോക്ക് ഡൗണിൽ ആരംഭിച്ചതോടെ ജില്ലയിൽ 2000 ബസുകൾ ആർ.ടി.ഒ. അധികൃതർക്ക് 'ജി ഫോം' നൽകിയിരുന്നു. ഇവയ്ക്കാണ് നിലവിൽ ഇൻഷ്വറൻസ് സാക്ഷ്യപത്രം നൽകുന്നത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ജീവനക്കാരുടെ അഭാവം മൂലം നിലവിൽ 50 ശതമാനം ബസുകൾക്ക് മാത്രമേ സർട്ടിഫീക്കറ്റ് ലഭിച്ചുള്ളൂ. അടുത്ത ദിവസം മുതൽ കൂടുതൽ സർട്ടിഫീക്കറ്റുകൾ ലഭിച്ചു തുടങ്ങും.
ബസിന്റെ ചെലവുകൾ ഒഴിവാക്കാനുള്ള മാർഗമെന്ന നിലയിലാണ് ഗതാഗത വകുപ്പിന്റെ അനുമതിയോടെ ബസുടമകൾ ജി ഫോം നൽകിയത്. ജി ഫോം നൽകിയാൽ ബസുകൾ മൂന്നുമാസത്തേക്കോ ഒരു വർഷത്തേക്കോ കയറ്റിയിടാം. മാർച്ച് 24 മുതൽ മേയ് 23 വരെ 60 ദിവസമാണ് ബസുകൾ കയറ്റിയിട്ടിരുന്നത്. നിലവിൽ നികുതി ഇളവു ലഭിച്ചിട്ടുള്ളതിനാൽ ഇൻഷ്വറൻസ് സർട്ടിഫീക്കറ്റ് ലഭിച്ചാൽ ബസുകൾ നിരത്തിലിറക്കാം.
രണ്ട് മാസക്കാലം തുടർച്ചയായി നിരത്തിലിറങ്ങിയില്ലെന്ന് ആർ.ടി.ഒയുടെ സാക്ഷ്യപത്രം നൽകിയാൽ മതി. 13,000 രൂപ വരെ ഇത്തരത്തിൽ ഇൻഷ്വറൻസ് അടവ് ഒഴിവായി കിട്ടും.

30 നകം സർട്ടീഫീക്കറ്റ്

സ്വകാര്യ ബസുകൾക്കുള്ള ഇൻഷ്വറൻസ് ഇളവിനുള്ള സർട്ടിഫീക്കറ്റുകൾക്ക് ഈ മാസം അവസാനത്തോടെ ബസുടമകൾക്ക് നൽകും. നികുതി ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസത്തെ ഇൻഷ്വറൻസ് അടവ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുമായും ഇൻഷ്വറൻസ് കമ്പിനുകളുമായി ധാരണയായിട്ടുണ്ട്.

കെ. മനോജ് കുമാർ
ആർ.ടി.ഒ.